വിരമിക്കൽ ദിനത്തിൽ സിസാ തോമസിന് ഹിയറിങ് വെച്ച് സർക്കാർ ; ഇന്ന് 11.30ന് ഹാജരാകാന്‍ നോട്ടീസ്

0 178

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാങ്കേതിക സർവകലാശാല സിസാ തോമസ് ഇന്ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കും. വിസി സ്ഥാനം കൂടാതെ ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വിരമിക്കൽ ദിനത്തിൽ തന്നെ സിസാ തോമസിനോട് ഹിയറിങിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.

അനുമതിയില്ലാതെ വൈസ് ചാൻസിലർ ആയി ചുമതലയേറ്റതിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ അറിയിച്ചതിന് പിന്നാലെയാണ് വിരമിക്കൽ ദിനമായിട്ടും സർക്കാർ നീക്കം. രാവിലെ 11.30ന് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുൻപാകെ ഹാജരാകാനാണ്‌ അറിയിച്ചിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾക്ക് സാധ്യതയുണ്ട്.

സർക്കാറിന്‍റെ അനുമതിയോടുകൂടി വേണമായിരുന്നു സിസാ തോമസ് പുതിയ ഉത്തരവാദിത്തം സ്വീകരിക്കാനെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സിസക്കെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കും.ആരെയും വിഷമിപ്പിക്കാൻ വേണ്ടി അല്ല നടപടിയെടുക്കുന്നതെന്നും വ്യവസ്ഥാപിതമായ ചില കാര്യങ്ങളുണ്ട് അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.സിസ തോമസ് എന്തുപറയുന്നു എന്ന കാര്യം കൂടി കേട്ടു മാത്രമേ നടപടിയിലേക്ക് പോവുകയുള്ളൂ എന്നും മന്ത്രി ഇന്നലെ പറഞ്ഞു.