മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഗവർണർ

0 821

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണർ അനുനയത്തിന് തയ്യാറായില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നാളെയാണ് നയപ്രഖ്യാപനം.ഗവർണർ ഒപ്പിടാത്തതിനാൽ നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിലായി. ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമസഭ സെക്രട്ടേറിയേറ്റിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ചില ഉപാധികൾ ഗവർണർ മുന്നോട്ട് വെക്കുന്നുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്നതാണ് പ്രധാനമായും മുന്നോട്ട് വെച്ച ഉപാധി. എന്നാൽ മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഇതോടെയാണ് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത്.

മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണറെ അനുനയിപ്പിക്കാൻ സാധിച്ചിട്ടില്ല. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമാണിത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.