ഇരിട്ടി: പുഴയിലെ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുമ്പോൾ ഓടി എത്തുന്ന അഗ്നിശമനാ സേനാംഗങ്ങളിൽ മുങ്ങൽ വിദഗ്ധർമാർക്ക് കൂടുതൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂബാ പരിശീലനം നടത്തുന്നത്. നിരവധി അപകട മരണങ്ങൾ ഇതിനോടകം മലയോരത്തെ പുഴകളിൽ ഉണ്ടായിട്ടുണ്ട്. പുഴയുടെ ആഴമേറിയ ഭാഗങ്ങളിൽ തെരച്ചിൽ നടത്താൻ പലപ്പോഴും നീന്തൽ വശമുള്ളവർക്ക്പോലും സാധിക്കാത്ത ഘട്ടത്തിലാണ് മുക്കാൽ മണിക്കൂറോളം തുടർച്ചയായി എത്ര ആഴമേറിയ ഭാഗത്തും തെരച്ചിൽ നടത്തുവാൻ പരിശീലനം സിദ്ധിച്ച സ്കൂബാ ഡ്രൈവേഴ്സിനു കഴിയുന്നത്.
ഓരോ അഗ്നിശമനാ നിലയത്തിനു കീഴിലും പരിശീലനം ലഭിച്ച സ്കൂബാ ഡ്രൈവേഴ്സ് ഉണ്ട്. ഇത്തരത്തിൽ നിയമിതരായവർക്കുള്ള കൂടുതൽ മികച്ച പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലനങ്ങളാണ് ഇരിട്ടി പുഴയിൽ നൽകാൻ പോകുന്നത്. ഇതിനായി ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇരിട്ടി പുഴയിൽ പരിശോധന നടത്തി.
പുതിയ പാലത്തിനു സമീപത്തായി പത്ത് മീറ്ററോളം ആഴമുള്ള ഭാഗമാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ നിലയങ്ങളിൽ നിന്നുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ജില്ലാ ഫയർ ഓഫീസിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പരിശീലനം ആരംഭിക്കും. പുഴയിലെ പരിശീലനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സിവിൽ ഡിഫൻസ് സേനാഗംങ്ങൾക്ക് ഡിങ്കി തുഴച്ചിലും, മോട്ടോർ ഉപയോഗിച്ചുള്ള പരിശീലനവും ഇരിട്ടി പുഴയിൽ നടത്തിയിരുന്നു. ഇതോടെ ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ജലപരിശീലനങ്ങൾക്കുള്ള പ്രധാന കേന്ദ്രമായി ഇരിട്ടി പുഴയെ അധികൃതർ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇരിട്ടി നിലയം സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ, തലശ്ശേരി നിലയം സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചാൻകണ്ടി, കൂത്ത്പറമ്പ് സ്റ്റേഷൻ ഓഫീസർ ഷാനിത്ത് പി, സേനാംഗങ്ങളായ അശോകൻ എൻ.ജി, ഉല്ലാസൻ സി, ഷെമിൻ കെ.പി., വി.രാകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇരിട്ടി പുഴയിൽ പ്രാഥമിക പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.