പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് പ്രധാന ലക്ഷ്യം; മന്ത്രി പി എ മുഹമ്മദ് റിയാസ്
കല്‍പ്പറ്റ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് പ്രധാന ലക്ഷ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ പ്രധാന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗങ്ങള്‍ നേരിട്ട് നടത്താറുണ്ടെന്നും, 2019 ല്‍ പണി ആരംഭിച്ച ജില്ലയിലെ പ്രധാന പാതയും, ബത്തേരി മാനന്തവാടി ടൗണുകളെ ബന്ധിപ്പിക്കുന്ന ബീനാച്ചി പനമരം റോഡ്പ്രവൃത്തിയുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ത്തിരുന്നതായും, പ്രവൃത്തി വേഗത്തിലാക്കാനാവശ്യമായ തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടതായും മന്ത്രി പറഞ്ഞു.
2021 ജൂലൈ മാസത്തില്‍ എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവരോടൊപ്പം മന്ത്രി നേരിട്ടെത്തി ഇവിടം സന്ദര്‍ശിക്കുകയും പ്രവൃത്തി വിലയിരുത്തുകയും ചെയ്തിരുന്നു. ആ സന്ദര്‍ഭത്തില്‍ കിഫ്ബി സ്‌റ്റോപ്പ് മെമ്മോ നല്‍കി നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പിന്നീട് സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് പ്രവൃത്തി പുനരാരംഭിക്കാനാവശ്യമായ ശ്രമം നടത്തുകയും 2021 ഓഗസ്റ്റില്‍ കിഫ്ബി സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് റോഡില്‍ വെറ്റ്മിക്‌സ് മെക്കാഡം പ്രവൃത്തി പുനരാരംഭിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. ശേഷം പ്രവൃത്തി വേഗത്തിലാക്കാന്‍ കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ക്ക് മേല്‍നോട്ട ചുമതലയും നല്‍കി.
പാതിവഴിയില്‍ നിന്നുപോകുമെന്ന് കരുതിയ പ്രവൃത്തി നിരന്തര ശ്രമഫലമായാണ് പുനരാരംഭിക്കാന്‍ സാധിച്ചത്. ആകെ 22 കിലോമീറ്റര്‍ റോഡില്‍ 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. ഇതിനകം ആറ് കിലോമീറ്ററോളം റോഡിന്റെ ആദ്യഘട്ട ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ബാക്കി ആറ് കിലോമീറ്ററിന്റെ ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടാറിംഗിന് മുന്നോടിയായുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസം അവസാനത്തോടെ 12 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനം മുഴുവനായും പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.