മാരാമൺ കൺവൻഷന് വൈകിട്ട് തുടക്കമാകും; കൊവിഡ് നിയന്ത്രണം കർശനം, മൊത്തം 1500 പേർക്ക് മാത്രം പ്രവേശനാനുമതി

0 1,334

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ (Maramon Convention) ഇന്ന് തുടങ്ങും. വൈകീട്ട് മൂന്ന് മണിക്ക് മാർത്തോ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടയാണ് ഇക്കുറിയും കൺവൻഷൻ നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേർക്ക്  മാത്രമാണ് കൺവഷനിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.

എട്ട് ദിവസത്തെ കൺവൻഷനിൽ സെമിനാറുകൾ, ബൈബിൾ ക്ലാസുകൾ യുവവേദി യോഗങ്ങൾ എന്നിവ നടക്കും. ബുധനാഴ്ചത്തെ സഭ ഐക്യ സമ്മേളനം ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പുറത്തുമുള്ള വിവിധ സഭഅധ്യക്ഷൻമാർ 127 മത് കൺവൻഷനിൽ പങ്കെടുക്കും.

ഇനിയുള്ള ഒരാഴ്ചക്കാലം മാരമണ്ണിലെ പമ്പാ തീരത്ത് ആത്മീയ വചനങ്ങൾ മുഴങ്ങും. മഹാമാരിക്കാലത്തെ മാരാമൺ കൺവൻഷൻ സമാനതകൾ ഇല്ലാത്തതാണ്. ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനമുണ്ടാകുക വളരെ കുറച്ച് പേർക്ക് മാത്രമാകും. കഴിഞ്ഞ വർഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കൺവൻഷൻ നടക്കുക. പമ്പാ നദിയും മണൽത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്. മാർത്തോമ സഭയുടെ സുവിശേഷ സംഘമാണ് കൺവൻഷൻ നേതൃത്വം നൽകുന്നത്.