ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യവസായ മന്ത്രി വിലയിരുത്തി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങൾ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വിലയിരുത്തി. വൈറസ് ബാധിതരുടെ ചികില്‍സയിലും വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പോലിസും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മറ്റു രോഗികള്‍ക്കായി സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ നിലവിലെ സാഹചര്യം പരിഗണിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവു വരുന്ന മുറയ്ക്ക് കാര്‍ഷിക-വ്യവസായ മേഖലകളില്‍ നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സംവിധാനമുണ്ടാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സാധനങ്ങളുടെ കരുതല്‍ ശേഖരം ആവശ്യത്തിനുണ്ടെന്നും അക്കാര്യത്തില്‍ വേവലാതി വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നമുക്ക് നല്‍കിയ ഒഴിവ് സമയം വീട്ടുപറമ്പില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ളവ കൃഷി ചെയ്യുന്നതിന് ഉപയോഗിക്കണം. മഴക്കാലമാവുന്നതിനു മുമ്പ് പരിസരശുചീകരണത്തിന്റെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.