ഇരിട്ടി: കേരളം – കർണ്ണാടകാ അതിർത്തിയായ മാക്കൂട്ടം ചുരംപാതയിൽ ഏഴ് മാസമായി നിലനിന്നിരുന്ന ആർ ടി പി സി ആർ നിബന്ധന മാറ്റി. രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റും ആധാർ കാർഡുമുണ്ടെങ്കിൽ ആർക്കും ഇത് വഴി കടന്നുപോകാം. വ്യാഴാഴ്ചയാണ് കർണ്ണാടകാ സർക്കാർ ഇതുവഴിയുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ച് ഉത്തരവിറക്കിയത്.
എന്നാൽ ഉത്തരവ് കയ്യിൽ ലഭിച്ചില്ലെന്ന കാരണത്താൽ മാക്കൂട്ടം ചെക്ക് പോസ്റ്റ് അധികൃതർ മുൻ ഉത്തരവിൽ മാറ്റം വരുത്താതെ നിയന്ത്രണം തുടർന്നു. തുടർന്ന് അർദ്ധരാത്രിയോടെയാണ് മുൻ നിബന്ധനയിൽ ഇളവുവരുത്തി യാത്രക്കാരെ ഇതുവഴി കടത്തി വിടാൻ തുടങ്ങിയത്. ഇതുവഴി കർണാടകയിലേക്ക് പോകുന്നവർ ഇനിമുതൽ രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും ആധാർ കാർഡും കയ്യിൽ കരുതിയാൽ മതി. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ഇതുവഴിയുള്ള ബസ് അടക്കമുള്ള പൊതു വാഹനഗതാഗതവും സാധാരണ നിലയിലേക്ക് നീങ്ങും എന്നാണ് കരുതുന്നത്.