‘ഒരു വ്യക്തിയുടെ അബദ്ധങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പാർട്ടി നിർത്തണം’; രാഹുൽ ഗാന്ധി വിഷയത്തിൽ അനിൽ ആന്‍റണി

0 491

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ.കെ ആന്റണിയുടെ മകനും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ അനിൽ കെ. ആന്റണി. ഒരു വ്യക്തിയുടെ പിഴവുകളിലും അബദ്ധങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് പാർട്ടി അവസാനിപ്പിക്കണമെന്ന് അനിൽ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പോസ്റ്റ് ചെയ്ത ട്വീറ്റ് പങ്കുവച്ചായിരുന്നു വിമർശനം. ‘2014 തൊട്ട്, പ്രത്യേകിച്ച് 2017നുശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥിതി ദുഃഖകരമായൊരു പഠനവിഷയമാണ്. ഒരു വ്യക്തിയുടെ അബദ്ധങ്ങളിലും പിഴവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാർട്ടി അവസാനിപ്പിക്കണം. പകരം രാജ്യത്തിന്റെ വിഷയങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ നോക്കണം. ഇല്ലെങ്കിൽ 2024നപ്പുറം നിലനിൽപ്പേ ഉണ്ടാകില്ല.’-ട്വീറ്റിൽ അനിൽ കുറിച്ചു.

വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. ഞങ്ങളെ പേടിപ്പിച്ചുനിർത്താനോ നിശബ്ദമാക്കാനോ ആകില്ല. പ്രധാന മന്ത്രിക്ക് ബന്ധമുള്ള അദാനി മഹാകുംഭകോണം സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കുന്നതിനു പകരം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഗുജറാത്ത് കലാപം പ്രമേയമായുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടതിനു പിറകെയാണ് സംഘ്പരിവാർ അനുകൂല നിലപാടുമായി അനിൽ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും ചെയ്തു. ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി പദവി ഒഴിഞ്ഞത്.