യുപിയിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും; ബിഎസ്പി അധ്യക്ഷ മായാവതി
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന് ബഹുജന്‍ സമാജ്വാദ് പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു. ‘വരുന്ന തെരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. ബിജെപിയുടെ തെറ്റായ നയങ്ങള്‍ തന്നെയാണ് ഇതിന് കാരണം’. മായാവതി ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
‘തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങളും കപട നാട്യങ്ങളുമാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടക്കുന്നത്. വ്യാജമായ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ അവര്‍ കബളിപ്പിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം യുപിയിലെ ജനങ്ങള്‍ കഷ്ടതകള്‍ അനുഭവിക്കുന്നു.’ മായാവതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്, സമാജ്‌വാദ് പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളെയും നിശിതമായി മായാവതി വിമര്‍ശിച്ചു. ബഹുജന്‍ സമാജിലെ കോടിക്കണക്കിന് ദരിദ്രരും ഉയര്‍ന്ന ജാതിക്കാരും ബിജെപി, കോണ്‍ഗ്രസ്, എസ്പി തുടങ്ങിയവരുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പീഡനമനുഭവിക്കുകയാണ്. ജനങ്ങള്‍ ഇതൊരിക്കലും മറക്കില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഈ പാര്‍ട്ടികളൊക്കെ ബാധ്യസ്ഥരാണ്. ഉത്തര്‍പ്രദേശിലെ പോലെ പഞ്ചാബിലെയും ഉത്തരാഖണ്ഡിലെയും ജനത മാറ്റം ആഗ്രഹിക്കുന്നുണ്ട്. മായാവതി പറഞ്ഞു.