വയനാട് വനഭൂമി സ്വകാര്യ എസ്‌റ്റേറ്റിന് വിട്ടു നല്‍കാനുള്ള നടപടി പൂർത്തിയായി; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് 

0 909

വയനാട് വനഭൂമി സ്വകാര്യ എസ്‌റ്റേറ്റിന് വിട്ടു നല്‍കാനുള്ള നടപടി പൂർത്തിയായി; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് 

 

കല്‍പ്പറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍പ്പെട്ട വനഭൂമി സ്വകാര്യ എസ്‌റ്റേറ്റിന് വിട്ടു നല്‍കാനുള്ള മഹസര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വനം വകുപ്പ്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് സൗത്ത് വയനാട് ഡി.എഫ് ഒ വ്യക്തമാക്കി. എന്നാല്‍ നിബിഡ വനം സ്വകാര്യ എസ്‌റ്റേറ്റിന് നല്‍കാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈമെന്റ് ആക്ടനുസരിച്ച് കേരള സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത് ചെമ്പ്രാ പീക്ക് എസ്‌റ്റേറ്റ് ലിമിറ്റഡ് നിന്നും ഏറ്റെടുത്ത  724.25 ഹെക്ടര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് കല്‍പ്പറ്റ വില്ലേജിലെ റിസര്‍വ്വെ 396,397 നമ്പറില്‍ പെട്ട 18.250 ഹെക്ടര്‍ ഭൂമി .  200 കോടിയില്‍ അധികം രൂപാ മാര്‍ക്കറ്റ് വിലയുള്ളതും കഴിഞ്ഞ അരനൂറ്റാണ്ടായി നിബിഢ വനമായതുമായ  പ്രദേശം വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ധങ്ങളുടെ ഭാഗമായി വിട്ടു നല്‍കുന്നതെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.തീരുമാനമായി. നടപടികളുടെ ഭാഗമായി പ്രദേശത്തിന്റെ മഹസ്സര്‍ തയ്യാറാക്കി ഡി.എഫ്.ഒ. ക്ക് നല്‍കിക്കഴിഞ്ഞു.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വനം വകുപ്പ് സുപ്രീകോടതിയില്‍ ഉള്‍പ്പടെ നിയമയുദ്ധം നടത്തിയ കേസിലാണ് ഈ നടപടി.

എന്നാല്‍ ഭൂമിക്ക് മേല്‍ വനം വകുപ്പ് അവകാശം ഉന്നയിച്ച് സുപ്രീം കോടതിവരെ പോയിട്ടും ഉടമകള്‍ക്ക് ഭൂമി 6 മാസത്തിനകം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രങ്ങളാണ് നടന്ന് വരുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ബ്രിട്ടീഷ് ഉടസ്ഥതയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലവിലുണ്ട്.  അത്തരം ഭൂമികള്‍ വീണ്ടെടുക്കാന്‍ കേരള സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന ഭൂമികളാണ് എന്‍സ്റ്റണ്‍ എസ്‌റ്റേറ്റും ചെമ്പ്രാ പീക്ക് എസ്റ്ററ്റും. ഇത് സംബന്ധിച്ച  നിയമ നടപടികള്‍ നടക്കുമ്പോഴാണ്  വനം വകുപ്പ് ഭൂമി കൈമാറുന്നത് എന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.