കാസർകോട്: നഗരമധ്യത്തിൽ പൊലീസിനുനേരെ യുവാവിെൻറ പരാക്രമം. മദ്യപിച്ച് ബഹളമുണ്ടാക്കിയ ബോവിക്കാനം അലൂർ സ്വദേശിയായ മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്.
തിങ്കളാഴ്ച വൈകീട്ട് ആറോടെ അണങ്കൂരിലെ ബാർ ഹോട്ടലിന് മുൻവശമാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് നേരിടാൻ രണ്ട് പൊലീസുകാരാണ് ആദ്യമെത്തിയത്. ഇവർക്കുനേരെ പ്രതി ആക്രമണം നടത്തിയതറിഞ്ഞ് ടൗൺ എസ്.ഐ വിഷ്ണുപ്രസാദ് അടക്കം കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. അക്രമാസക്തനായ മുന്ന ബാർ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറും ആക്രമിച്ചു.
പിടിവലിക്കിടെ നെറ്റിക്കും കഴുത്തിനും പരിക്കേറ്റ എസ്.ഐ വിഷ്ണുപ്രസാദ്, സീനിയർ സി.പി.ഒമാരായ ബാബുരാജ്, സജിത്ത്, സനീഷ് എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുന്നയെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു