ലോക് ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണം: ജില്ലാ ആസൂത്രണ സമിതി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ലോക് ഡൗണിനോട് പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം അഭ്യര്‍ഥിച്ചു. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകളില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ലോക് ഡൗണ്‍ കഴിഞ്ഞാലും പൊതുജനങ്ങള്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് കൈകഴുകുന്നതിനും തുപ്പുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആസൂത്രണ സമിതി യോഗം പ്രശംസിച്ചു. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടുതന്നെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നിര്‍വ്വഹിക്കേണ്ടതാണെന്ന് കെ വി സുമേഷ് പറഞ്ഞു.
92 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020- 21 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. 11604 പുതിയ പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ഇതില്‍ 10540 പദ്ധതികള്‍ പൊതുവിഭാഗത്തില്‍ പെടുന്നവയാണ്. 678 പദ്ധതികള്‍ പട്ടികജാതി വിഭാഗത്തിലും 386 പദ്ധതികള്‍ പട്ടിക വര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട 497 പദ്ധതികളും 82 നൂതന പദ്ധതികളും അംഗീകാരം നല്‍കിയവയില്‍ ഉള്‍പ്പെടുന്നു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, അജിത് മാട്ടൂല്‍ കെ ശോഭ, ഇ പി ലത, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.