തൊലി പൊള്ളി അടരുന്നു; ദേഹമാസകലം ചലം നിറഞ്ഞ ചുവന്ന കുമിളകൾ; കൊറോണ വന്നവരിൽ ഈ ഗുരുതര വൈറസ് ബാധ വ്യാപകമാകുന്നു!

0 3,557

ന്യൂഡൽഹി: ലോകമാസകലം മനുഷ്യരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. മരണ നിരക്ക് കുറവാണെങ്കിലും, രോഗം ഭേദമായവരിൽ വൈറസ് ബാധയുടെ തുടർ പ്രയാസങ്ങൾ വ്യാപകമാണ്. പല തരത്തിലുള്ള രോഗങ്ങളിലൂടെയും പ്രതിരോധ ശേഷിയെ അട്ടിമറിക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകളിലൂടെയും കൊറോണയുടെ തുടർ പ്രയാസങ്ങൾ മനുഷ്യരെ വിഷമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

പനി പോലെയുള്ള അസുഖങ്ങൾ, വാതരോഗങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവയൊക്കെ കൊറോണ വന്ന് പോയവരിൽ പ്രകടമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. 2008-2009 കാലഘട്ടത്തിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വ്യാപകമായി പടർന്നു പിടിച്ച ചിക്കുൻ ഗുനിയ രോഗബാധയ്‌ക്ക് ശേഷം, രോഗം വന്ന് പോയവരിൽ കാണപ്പെട്ട അവസ്ഥയായിരുന്നു തക്കാളിപ്പനി എന്നത്. ഈ രോഗാവസ്ഥ കൊറോണ വന്ന് പോയവരിൽ, പ്രത്യേകിച്ച് കുട്ടികളിൽ വ്യാപകമാണെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ചർമ്മരോഗ വിദഗ്ധൻ ഡോക്ടർ ഭാവുക് ധീർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കോക്സാകി വൈറസ് എ16 എന്ന വകഭേദമാണ് തക്കാളിപ്പനിക്ക് കാരണമാകുന്നത്. കൊറോണ വന്നവരിൽ ഈ വൈറസ് അതിവേഗം പടരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികളിൽ നാസാദ്വാരങ്ങൾ, തൊണ്ട, വായ എന്നിവിടങ്ങളിൽ രോഗബാധ മൂലമുണ്ടാകുന്ന വ്രണങ്ങൾ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചിലരിൽ രോഗബാധ മെനിഞ്ചൈറ്റിസ് പോലെയുള്ള ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നു.

ആധുനിക വൈദ്യശാസ്ത്രം ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും കഠിനമായ വെല്ലുവിളിയായാണ് കൊറോണ വൈറസ് വ്യാപനത്തെ മിക്ക ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് ഇനിയും പൂർണ്ണമായും വ്യക്തമായിട്ടില്ല. ലോകത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും പുരോഗമിക്കുകയാണ്.