ചർമ്മം തിളങ്ങും, സുന്ദരമാകും; വെറും 10 കാര്യങ്ങൾ

0 384

ആർക്കും ഒന്നിനും സമയമില്ലാത്ത കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. തിരക്കുകൾ കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട പലതും നമ്മൾ മറന്നു പോകുന്നു. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ചർമസംരക്ഷണം. ഇതിന്റെ ഫലമായി മുഖക്കുരു, കറുത്തപാടുകൾ, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരുടെ എണ്ണം കുറഞ്ഞു വരുന്നു. ഇതൊക്കെ വലിയ കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ  ചർമസംരക്ഷണം പ്രധാനപ്പെട്ടതാണ്. ചർമസംരക്ഷണത്തിലെ ചെറിയ ചില ശീലങ്ങൾക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.

∙ ചർമത്തിനനുസരിച്ച് പ്രൊഡക്ട്സ്

ചർമത്തിന്റെ സ്വഭാവമനുസരിച്ച് സ്കിൻ കെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. അല്ലെങ്കിൽ ഇത് ചർമത്തിൽ വിപരീത ഫലം ചെയ്യും.

∙ ഓർഗാനിക് പ്രൊഡക്ട്സ്

മാർക്കറ്റിൽ സ്കിൻ കെയർ പ്രൊഡക്ടുകൾക്ക് യാതൊരു ക്ഷാമവുമില്ല. എന്നാൽ ഇവയിൽ സൾഫേറ്റ് പോലുള്ള രാസവസ്തുക്കൾ അടങ്ങിയ പ്രൊഡക്ടുകളാകും കൂടുതലും. ഇവ ഭാവിയിൽ ചർമത്തിന് ദോഷമായി മാറാനുള്ള സാധ്യത ഏറെയാണ്. പ്രകൃതിദത്തവും ഓർഗാനിക്കുമായ വസ്തുക്കൾ അതായത് വേപ്പ്, തേൻ, കറ്റാർവാഴ തുടങ്ങിയവ കൊണ്ട് നിർമിച്ച സ്കിൻ കെയർ പ്രൊഡക്ടുകൾ കൂടുതലായി ഉപയോഗിക്കാം.

∙ ഫെയ്സ് വാഷ് 

ഫെയ്സ് വാഷ് അല്ലെങ്കിൽ ഫെയ്സ് ക്ലെൻസർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. മോശം ഫെയ്സ് വാഷുകൾ ചർമം വരളാൻ കാരണമാകും. ചർമത്തിന്റെ സ്വഭാവമനുസരിച്ച് ഫെയ്സ് വാഷ് തിരിഞ്ഞെടുക്കുക. ഉദാഹരണത്തിന് മുഖക്കുരുവും എണ്ണമയവുമുള്ള ചർമത്തിന് സാലിസിലിക് ആസിഡ് ചേർന്ന ക്ലെൻസർ നല്ലതാണ്.

∙ നാച്ചുറൽ ടോണർ

മോയിസ്ച്യുറൈസർ ഉപയോഗിക്കുന്നതിന് മുൻപ് നല്ലൊരു ടോണറായി റോസ് വാട്ടർ ഉപയോഗിക്കാം. ഇത് മോയിസ്ച്യുറൈസർ നല്ല രീതിയിൽ അബ്സോർബ് ചെയ്യാനും ചർമം മൃദുലമാകാനും സഹായിക്കും.

∙ മോയിസ്ച്യുറൈസർ

ചർമത്തിൽ ഒരു ഹൈഡ്രേറ്റിങ് മോയിസ്ച്യുറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. മുഖത്ത് അധികം സമ്മർദം നൽകാതെ പതിയെ വട്ടത്തിൽ വേണം ഇത് പുരട്ടാൻ.

∙ എക്സ്ഫോളിയേഷൻ ശീലമാക്കുക

ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടമെങ്കിലും സ്കിൻ എക്സ്ഫോളിയേഷൻ ചെയ്യുക. മുഖത്തെ മൃതകോശങ്ങളും ചെറിയ കുഴികളും ഇങ്ങനെ ഇല്ലാതാക്കാം. നല്ലൊരു സ്ക്രബിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകണം.

∙ ഫെയ്സ് മസാജ്

ഫേഷ്യൽ എക്സർസൈസുകൾ ദിവസേന ചെയ്യുന്നത് മുഖ സൗന്ദര്യം കൂട്ടും. മാത്രമല്ല ഇതോടൊപ്പം ഫേഷ്യൽ മസാജ് ചെയ്യുന്നത് മുഖത്തെ പേശികളെ റിലാക്സ് ചെയ്യിപ്പിക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യും.

∙ കറുത്ത പാടുകൾ

എല്ലാവരും ഒരേപോലെ അനുഭവിക്കുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റിലുള്ള കറുത്തനിറവും തടിപ്പും. അത് മുഖ സൗന്ദര്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ഇല്ലാതാക്കാനായി ഒരു നല്ല ഐ ക്രീം കറുത്ത നിറമുള്ള ഭാഗത്ത് പുരട്ടി ഒരു മിനിറ്റെങ്കിലും മസാജ് ചെയ്യുക.

∙ ഉറങ്ങുമ്പോൾ മേക്കപ്പ് വേണ്ട

രാത്രി കിടക്കുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യണം. ഇതിനായി മുഖം നന്നായി കഴുകാം. മേക്കപ്പ് ഒഴിവാക്കാതെ കിടക്കുന്നത് ചർമത്തെ മോശമായി ബാധിക്കും.

∙ ഡീപ്പ് ക്ലെൻസിങ്

മാസത്തിൽ ഒരിക്കലെങ്കിലും മുഖ ചർമത്തിൽ ഡീപ് ക്ലെൻസിങ് ചെയ്യാം. എത്രയൊക്കെ തിരക്കിലായാലും ഇതിനായി സമയം മാറ്റിവയ്ക്കുക. ചർമം മൃദുലവും മനോഹരവുമാകാൻ ഡീപ് ക്ലെൻസിങ് ഫലപ്രദമാണ്.