കർഷകരുടെയും കോൺഗ്രസിന്റെയും പോരാട്ടം വിജയിക്കും;ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സോണിയ ഗാന്ധി

0 373

 കർഷകരുടെയും കോൺഗ്രസിന്റെയും പോരാട്ടം വിജയിക്കും;ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സോണിയ ഗാന്ധി 

 

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്. കർഷകരുടെയും കോൺഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക് മാറ്റാൻ ശിരോമണി അകാലിദൾ ആലോചന തുടങ്ങി.

എൻഡിഎ സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിര സുദീർഘമായ സമരപരമ്പരകൾക്ക് രൂപം നൽകുമെന്ന സൂചനയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയത്. കർഷകരുടെയും കോൺഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ സോണിയ ഗാന്ധി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ കർഷകരെ തെരുവിലിറക്കി. വൻകിട കോർപറേറ്റുകളുടെ ദയയ്ക്കായി കർഷകരെ വിട്ടുകൊടുത്തെന്നും ആരോപിച്ചു.

നാളെ മുതൽ അഞ്ചാം തീയതി വരെ പഞ്ചാബിലും ഹരിയാനയിലും സംഘടിപ്പിക്കുന്ന ട്രാക്ടർ റാലികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. എൻഡിഎ വിട്ട ശിരോമണി അകാലിദളും സമരപാതയിലാണ്. പഞ്ചാബിൽ ഇന്നും ട്രെയിൻ തടയൽ സമരം തുടർന്നു. 31 കർഷക സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും കർഷകർ ധർണ നടത്തി