ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങി; വാവ സുരേഷിൻറെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലെന്ന് ഡോക്ടർമാർ
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നില പഴയ നിലയിലേക്ക്. ശരീരത്തിൽ നിന്ന് വിഷം പൂർണമായും നീങ്ങി. ഓർമശക്തിയും സംസാര ശേഷിയും വീണ്ടെടുത്തു. വാവ സുരേഷിന് രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ആശങ്കകൾക്ക് വിരാമം. പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് പതിയെ പഴയ നിലയിലേക്ക് മടങ്ങി എത്തുകയാണ്. ആശുപത്രി മുറിയിൽ സുരേഷ് തനിയെ നടക്കാൻ തുടങ്ങി, ആഹാരം സ്വന്തമായി കഴിക്കുന്നു. പഴയ കാര്യങ്ങളെല്ലാം ഓർത്ത് സാധാരണ പോലെ സംസാരിക്കുന്നു. വിഷം ശരീരത്തിൽ നിന്ന് പൂർണമായും ഇറങ്ങി. നിലവിൽ ജീവൻ രക്ഷാ മരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുൾ മാത്രമാണ് നിലവിൽ നൽകുന്നത്. മുറിവ് പതിയെ ഉണങ്ങുന്നുണ്ട്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്‍റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്.
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.
രണ്ടാഴ്ച മുൻപാണ് വാവ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്