വാവ സുരേഷിന് അടുത്ത 7 ദിവസം നിർണായകം; അവയവങ്ങളുടെ പ്രതികരണം സാധാരണഗതിയിലായാലേ വെന്റിലേറ്റർ മാറ്റാൻ കഴിയൂ; ഡോക്ടർമാർ
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.വാവ സുരേഷ് കൂടുതൽ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്ത 7 ദിവസവും നിർണായകമാണ്.തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ പുരോഗതി കൈവരിക്കണം.അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നിൽക്കണം.എന്നാൽ മാത്രമേ വെന്റിലേറ്റർ മാറ്റാൻ കഴിയൂ.
ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.