വിജയയാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

0 285

വിജയയാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

ഇരിട്ടി : സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് ഇരിട്ടിയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം 12 മണിയോടെ ഇരിട്ടിയിൽ എത്തേണ്ട യാത്ര 2 മണിയോടെയാണ് എത്തിച്ചേർന്നത്. മട്ടന്നൂർ , ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങൾ ചേർന്നാണ് ഇരിട്ടിയിൽ സ്വീകരണമൊരുക്കിയിരുന്നത്. കഠിനമായ നട്ടുച്ച വെയിലിനെയും ചൂടിനേയും അവഗണിച്ച് സ്വീകരണ വേദിയായ ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്ത്രീകളടക്കം നിരവധി പേരാണ് എത്തിച്ചേർന്നത്. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടി പാലത്തിനു സമീപം എത്തിച്ചേർന്ന യാത്രയെ മൂന്നു മണ്ഡലങ്ങളിലെയും അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ആനയിച്ചു സ്വീകരണ വേദിയിൽ എത്തിച്ചു. എൽ ഡി എഫും യുഡിഎഫും വർഗ്ഗീയ ശക്തികൾക്കടിമപ്പെട്ടാണ് മുന്നോട്ടു പോകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാർ ശബരിമല തകർക്കാൻ നോക്കിയപ്പോൾ ഇത്രവലിയ പ്രക്ഷോഭം കേരളത്തിൽ നടന്നപ്പോൾ ഗാലറിയിൽ ഇരുന്ന് കാളികാണുകയായിരുന്നു ഉമ്മൻ‌ചാണ്ടി. അഴിമതിയിൽ മുങ്ങിക്കുളിച്ച മുന്നണികളാണ് ഇവ രണ്ടും. ഈ രണ്ടു മുന്നണികളെയും തൂത്തെറിയാതെ കേരളം രക്ഷപ്പെടില്ല. ഇവരിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിജയയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സന്ദീപ് വാചസ്പതി, സി. കൃഷ്ണകുമാർ, ജാഥാ കോഡിനേറ്റർ എം.ടി. രമേഷ് എന്നിവർ പ്രസംഗിച്ചു. ബംഗാളിലും, തമിഴ്‌നാട്ടിലും ഉൾപ്പെടെ യുള്ള സംസ്ഥാനങ്ങളിൽ ഒരു മെയ്യായി പ്രവർത്തിക്കുന്ന സി പി എമ്മും കോൺഗ്രസും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് ഇവർ രണ്ടുപേരും കേരളത്തിൽ രണ്ടു യാത്രകൾ നടത്തുന്നതെന്നും ഒറ്റ യാത്ര നടത്തിയാൽ പോരേ. രണ്ടുപേരും ഒന്ന് ചേർന്ന് നിന്ന് ബി ജെ പി യെ പരാജയപ്പെടുത്താൻ ശ്രമിച്ചാലും അതിനെ നേരിടാനുള്ള ശക്തി നരേന്ദ്രമോഡി നയിക്കുന്ന പ്രസ്ഥാനത്തിനുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് നടത്തിയതിലേറെ വികസനം നരേന്ദ്രമോദിയുടെ ആര് വർഷത്തെ ഭരണത്തിൽ ഭാരതത്തിൽ ഉണ്ടായെന്നു സന്ദീപ് വാചസ്പതി പറഞ്ഞു. സി പി എം വിട്ട് ബി ജെ പി യിൽ ചേർന്ന മണിപ്പാറയിലെ പ്രസന്ന കുമാരി, കുരിശിൻമൂട്ടിൽ ചാക്കോ എന്നിവരെ കെ. സുരേന്ദ്രൻ വേദിയിൽ വെച്ച് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇരുവരും മേഖലയിലെ സജീവ സി പി എം പ്രവാസിർത്തകരാണ്. ജാഥയിലെ സ്ഥിരാംഗങ്ങളായ ജോർജ്ജ് കുര്യൻ, അഡ്വ. പി. സുധീർ, നിവേദിത സുബ്രഹ്മണ്യൻ , ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത്, ഉത്തരമേഖലാ വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറിമാരായ വിനോദ്‌കുമാർ, ബിജു എളക്കുഴി , ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ഡോ .ജെ. പ്രമീളാ ദേവി എന്നിവർ , രേണു സുരേഷ്, എന്നിവർ ചടങ്ങിന്റെ ഭാഗമായി. അജികുമാർ കരിയിൽ സ്വാഗതവും രാജൻ പുതുക്കുടി നന്ദിയും പറഞ്ഞു.