അസഹിഷ്ണതകള്‍ക്കെതിരെ സമരായുധം ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും യൗവനം – കല്‍പ്പറ്റ നാരായണൻ

0 1,686

അസഹിഷ്ണതകള്‍ക്കെതിരെ സമരായുധം ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും യൗവനം  – കല്‍പ്പറ്റ നാരായണൻ

അസഹിഷ്ണതകള്‍ നിറയുന്ന സമകാലിക സാഹചര്യങ്ങളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും യൗവനമാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാതല ഗാന്ധി ജയന്തിദിനാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലളിതമായ ഉപമകള്‍ക്കൊപ്പം ചേര്‍ത്തുവെക്കുമ്പോഴും  മഹാത്മ ഗാന്ധിയുടെ അനിതരമായ അനിവാര്യതകള്‍ തന്നെയാണ് ഒരോ ജന്മവാര്‍ഷികങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഗാന്ധിയെ വരയ്ക്കാന്‍ എളുപ്പമാണ് രണ്ടോ നാലോ രേഖകള്‍മതിയാകും.ഗാന്ധിയായി വേഷം കെട്ടാനും എളുപ്പമാണ് കെട്ടിയ വേഷങ്ങള്‍ അഴിച്ചുകളഞ്ഞാല്‍മതി. എന്നാല്‍ എത്ര രചിച്ചാലും ആകാത്ത എത്ര ത്യജിച്ചാലും തീരാത്ത ചിലത് നമ്മെ ഗാന്ധിയാകുന്നതില്‍ നിന്നും നിരന്തരം തടയും. മുന്‍ നിശ്ചയിച്ച മാര്‍ഗ്ഗങ്ങളിലടെ നടക്കാതെ ഓരോ കാലത്തുമുള്ള ഉചിതമായ വഴികളിലൂടെയുള്ള സത്യത്തിന്റെ സഞ്ചാരമാണ് ഗാന്ധിയുടെ അനന്യതകള്‍.
ദക്ഷിണാഫ്രിക്കയിലെ ഇരുട്ടില്‍ വണ്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധി അനുഭവിച്ചത് പരിണാമത്തിന്റെ മുന്നിലുള്ള ഇരുട്ടാണ്. താന്‍ മാത്രമല്ല ഈ ഏകാന്തത അനുഭവിക്കുന്നത്. എന്നെ പോലെയുള്ളവര്‍ നേരിടുന്ന ഈ അവഗണനകള്‍ മാറുന്ന കാലത്താണ് അത്യന്തികമായി എന്റെയും മോചനമെന്ന് അദ്ദേഹം നിശ്ചയിച്ചു. അതിന് ശേഷമാണ് ഗാന്ധി എന്ന ബാരിസ്റ്റര്‍ ഒരു മഹാനായി വളര്‍ന്നത്. അവസാനത്തെയാളും സ്വതന്ത്രനാകുന്നതുവരെയുള്ള പോരാട്ടമാണ് എന്റെ ദൗത്യമെന്നതും ഗാന്ധി മനസ്സിലുറപ്പിച്ചിരുന്നു. അങ്ങിനെയാണ് അഹിംസ ഏറ്റവും വലിയ ആയുധവും  സത്യാഗ്രഹം ലോകത്തിലെ ഏറ്റവും വലിയ സമരമാര്‍ഗ്ഗവുമായി മാറിയത്. സ്വരാജ് എന്നത് ഗാന്ധി വിഭാവനം ചെയ്തത് ഒരോരുത്തര്‍ക്കും അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്. സ്വതന്ത്രമായ ഇന്ത്യയുടെ ഇന്നും പ്രാപ്തി തേടിയുള്ള യാത്രയില്‍ മതേതരമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കാണ് പ്രസക്തി. വെറുപ്പിന്റെയും അപരത്വത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന് നിലനില്‍പ്പില്ല. വിശുദ്ധിയും സമഭാവനകളുമാകണം രാഷ്ട്രത്തിന്റെ ഇച്ഛാശക്തി. സത്യത്തിനോട് പ്രതിബദ്ധതയുള്ള സമൂഹത്തിലാണ് ഇനിയും പ്രതീക്ഷയുള്ളതെന്നും ഇക്കാലത്തും ഗാന്ധിയന്‍ മൂല്യങ്ങളും ജീവിതവും അടിവരയിടുന്നതും ഇതാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.