എല്ലാ രാജ്യങ്ങളിലേക്കും  തുല്യമായി കൊവിഡ്  വാക്സിന്‍ എത്തിക്കുകയെന്നത് വെല്ലുവിളിയാകുമെന്ന് ലോകാരോഗ്യ സംഘടന

0 445

എല്ലാ രാജ്യങ്ങളിലേക്കും  തുല്യമായി കൊവിഡ്  വാക്സിന്‍ എത്തിക്കുകയെന്നത് വെല്ലുവിളിയാകുമെന്ന് ലോകാരോഗ്യ സംഘടന

 

കൊവിഡ് 19 വാക്സിന്‍ എത്തിക്കഴിയുമ്പോള്‍ എല്ലാ രാജ്യങ്ങളിലേക്കും അത് തുല്യമായി എത്തിക്കുകയെന്നത് വെല്ലുവിളിയാകുമെന്ന് ലോകാരോഗ്യ സംഘടന. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍ വാക്സിന്റെ കാര്യത്തില്‍ മേല്‍ക്കൈ നേടാതെ നോക്കേണ്ടതാണ് ഇതിലെ വെല്ലുവിളിയെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

‘2021 ആദ്യത്തോടെ വാക്സിന്റെ കാര്യത്തില്‍ ശുഭവാര്‍ത്ത കേള്‍ക്കാന്‍ നമുക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ നിലയും നിലവില്‍ മോശമല്ല. ഒന്നുകില്‍ ഇന്ത്യക്ക് സ്വന്തമായോ അതല്ലെങ്കില്‍ മറ്റാരെങ്കിലുമായി സഹകരിച്ചോ വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. പല രോഗങ്ങള്‍ക്കുമെതിരായ വാക്സിന്‍ ഉത്പാദിപ്പിച്ചെടുത്ത രാജ്യമാണ് ഇന്ത്യ…’- സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗലൂരു’വിന് കീഴിലുള്ള ‘സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി’യുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗമ്യ സ്വാമിനാഥന്‍.

കൊവിഡ് 19 പലതും പഠിക്കാനുള്ള ഒരു സാഹചര്യം കൂടിയാവുകയാണെന്നും നമ്മുടെ ആരോഗ്യരംഗം എത്തരത്തിലെല്ലാം മെച്ചപ്പെടുത്തണം എന്നതിന്റെ സൂചനകള്‍ തിരിച്ചറിയാന്‍ പ്രയോജനപ്പെടുത്താവുന്ന സന്ദര്‍ഭമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊവിഡിന്റെ രണ്ടാം വരവുണ്ടായാലും അതില്‍ മരണനിരക്ക് ഉയരുന്ന അവസ്ഥയുണ്ടാകാന്‍ ഇടയില്ലെന്നും സൗമ്യ സ്വാമിനാഥന്‍ സൂചിപ്പിച്ചു. അതേസമയം യൂറോപ്പിനേയും അമേരിക്കയേയും അപേക്ഷിച്ച് ദക്ഷിണേഷ്യയിലും ദക്ഷിണാഫ്രിക്കയിലും എന്തുകൊണ്ടാണ് മരണനിരക്ക് കുറയുന്നത് എന്നതില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.