തീവണ്ടിയുടെ ഉരുക്കുചക്രങ്ങള്‍ ഉരുളാതെ നിര്‍ത്താന്‍ മരക്കട്ട; റെയില്‍വേ ഉപയോഗിക്കുന്നത് പഴഞ്ചന്‍ സംവിധാനം
കണ്ണൂര്‍: ടണ്‍കണക്കിന് ഭാരവും കരുത്തുമുള്ള തീവണ്ടിച്ചക്രങ്ങള്‍ (വീല്‍) ഉരുളാതെ നിര്‍ത്തുന്നത് മരക്കട്ടകള്. റെയില്‍വേ യാര്‍ഡുകളില്‍ നിര്‍ത്തിയിട്ട എന്‍ജിനുകള്‍ക്കാണ് ഈ പഴഞ്ചന്‍ സംവിധാനം ഉപയോഗിക്കുന്നത്. നിര്‍ത്തിയിടുന്ന കോച്ചുകള്‍ നീങ്ങാതിരിക്കാന്‍ കനത്ത ഇരുമ്ബ് ചങ്ങലകൊണ്ട് പാളവും വീലും ബന്ധിപ്പിക്കും. എന്നാല്‍ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തുന്ന എന്‍ജിനുകളില്‍ മരക്കട്ടയും (വുഡണ്‍ ബെഡ്ജ്), ഇരുമ്ബ് കട്ടയുമാണ് (അയേണ്‍ സ്കിഡ്) ചക്രം നീങ്ങാതെ നോക്കുന്നത്.
സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടികളുടെ കോച്ചും എന്‍ജിനും വന്ന പ്ലാറ്റ്ഫോമില്‍ വേര്‍പെടുത്തും. പിന്നീട് രണ്ടും യാര്‍ഡിലെ മറ്റൊരുഭാഗത്തേക്ക് മാറ്റും. ഈ വണ്ടികളുടെ സമയമാകുമ്ബോള്‍ ഘടിപ്പിച്ച് മെയിന്‍ പ്ലാറ്റ്ഫോമിലെത്തിക്കും. ഇങ്ങനെ മണിക്കൂറുകള്‍ പാളത്തില്‍ വെക്കുന്ന എന്ജിന് നിരങ്ങിനീങ്ങാതിരിക്കാനാണ് മരക്കട്ട, അയേണ്‍ സ്കിഡ് തുടങ്ങിയവ വെക്കുന്നത്. കൂടുതല്‍ സുരക്ഷയ്ക്കായി എന്‍ജിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടും. പുതിയ എന്‍ജിനുകളില്‍ ഇത് കൃത്യമാണ്. എന്നാല്‍ പഴയ ഡീസല്‍ എന്‍ജിന്റെ ഹാന്‍ഡ് ബ്രേക്കുകള്‍ ഫലപ്രദമാകുന്നില്ലെന്ന ആരോപണം ഉണ്ട്.
എന്‍ജിനുകള്‍ക്ക് എന്തെങ്കിലും തള്ളിച്ച ഉണ്ടായാല്‍ വീലുകള്ക്കിടയിലെ മരക്കട്ട തെറിക്കും. വണ്ടി ഉരുളും. നിരപ്പ് കുറഞ്ഞ സ്ഥലത്താണ് പാളമെങ്കില് എന്ജിന് സ്വയം നീങ്ങും. ഇത് കൂട്ടിയടി ഉള്‍പ്പെടെയുള്ള അപകടം ഉണ്ടാക്കും. മരക്കട്ട ആര്‍ക്കുവേണമെങ്കിലും എടുത്തുമാറ്റാം. കണ്ണൂര്‍ പോലുള്ള സ്റ്റേഷനുകളിലെ യാര്‍ഡുകളില്‍ എന്ജിന് വെക്കുന്ന സ്ഥലത്ത് ക്യാമറകള്‍ ഇല്ലാത്തതും തിരിച്ചടിയാണ്.