തേഞ്ഞിപ്പാലം പോക്‌സോ കേസ്; ഇരയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ ശുപാര്‍ശ

0 1,127

തേഞ്ഞിപ്പാലം ( thenjippalam ) പോക്‌സോ കേസില്‍ ആത്മഹത്യ ചെയ്ത ഇരയുടെ മാതാവിനും സഹോദരനും വീട് വച്ച് നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ പൊലീസിനെതിരായ പരാതികള്‍ അന്വേഷിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാറും കമ്മിഷനിലെ രണ്ട് അംഗങ്ങളുമാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. വാടക വീട്ടില്‍ കഴിയുന്ന മാതാവിനും സഹോദരനും വീട് വച്ച് നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. ഇരുവരെയും അഗതി മന്ദിരത്തിലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കും.

കഴിഞ്ഞ മാസം പത്തൊന്‍പതാം തീയതിയാണ് തേഞ്ഞിപ്പലത്തെ വാടക വീട്ടില്‍ വെച്ച് പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തത്. പോക്‌സൊ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ പെണ്‍കുട്ടി ഗുരുതര ആരോപണങ്ങള്‍ മുന്‍പ് ഉന്നയിച്ചിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.