ജില്ലയില്‍ കൊറോണ കെയര്‍ സെന്ററുകളില്‍ കഴിയുന്നത് 618 പേര്‍, ഹോം ക്വാറന്റൈനില്‍ 1410 പേര്‍

0 337

ജില്ലയില്‍ കൊറോണ കെയര്‍ സെന്ററുകളില്‍ കഴിയുന്നത് 618 പേര്‍, ഹോം ക്വാറന്റൈനില്‍ 1410 പേര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യ വാരത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 618 പേര്‍. ഇതില്‍ 191 പേര്‍ ഗള്‍ഫ് പ്രവാസികളും 427 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയര്‍ ഉള്ളതു കാരണം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കൊറോണ കെയര്‍ സെന്ററുകളിലാണ് കഴിയുന്നത്.
പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 1275 പേരും ഉള്‍പ്പെടെ ആകെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികള്‍ നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള കെയര്‍ സെന്ററുകളിലുമാണുള്ളത്. കൊറോണ കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്.  അവര്‍ക്ക് വേണ്ട ഭക്ഷണം ഇവര്‍ എത്തിച്ചു നല്‍കും. താമസിക്കുന്ന മുറി അവര്‍ സ്വയം വൃത്തിയാക്കണം. അതിനു വേണ്ട സാധനങ്ങള്‍ മുറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസ സ്ഥലത്തെ വരാന്തയും പരിസരവും ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. പോലീസിന്റെ നിരീക്ഷണവും കൊറോണ കെയര്‍ സെന്ററുകളില്‍ ഉറപ്പാക്കുന്നുണ്ട്.