റിസർവ് ബാങ്ക് അംഗങ്ങൾക്കും ജീവനക്കാർക്കും സിനിമ കാണാൻ അവകാശമില്ല: വിമർശനവുമായി അൽഫോൻസ് പുത്രൻ

0 624

കോഴിക്കോട്: സിനിമാ മേഖലയ്ക്ക് വായ്പ അനുവദിക്കാത്തതിൽ റിസർവ് ബാങ്കിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. റിസർവ് ബാങ്ക് അംഗങ്ങൾക്കും ജീവനക്കാർക്കും സിനിമ കാണാൻ അവകാശമില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം പരിശോധിക്കണമെന്നും അൽഫോൻസ് ആവശ്യപ്പെട്ടു.

‘സിനിമയ്ക്ക് റിസർവ് ബാങ്ക് വായ്പ അനുവദിക്കാത്തതുകൊണ്ടു തന്നെ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്തണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങൾക്കും ഈ തീരുമാനമെടുത്ത വ്യക്തിക്കും മന്ത്രിക്കുമൊന്നും സിനിമ കാണാനുള്ള അവകാശമില്ല. സിനിമയെ കൊല്ലുന്ന ഈ വിഷയം പരിശോധിക്കണമെന്ന് പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ അപേക്ഷിക്കുന്നു.’-അൽഫോൻസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ‘ഗോൾഡി’ന്‍റെ പരാജയത്തിനുശേഷം അൽഫോൻസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തത് തമിഴ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.