തീയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല; പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താം: മന്ത്രി സജി ചെറിയാൻ

0 872

ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.(saji cheriyan)

തീയറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തീയറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാനാവില്ലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ.

അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തീയറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്. ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നു കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.