സങ്കടം ഒപ്പുന്നവരുടെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകണം; കാസർഗോഡ് ജില്ല ഓർഫനേജ് അസോസിയേഷൻ

0 699

കാസർഗോഡ്: അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റമ്പിൾ ഇൻസ്റ്റിറ്റുഷൻസ് കാസർഗോഡ് ജില്ല ജനറൽ ബോഡിയോഗം നടത്തി. ജില്ലാ പ്രസിഡന്റ് എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബ്രദർ ഈശോദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിജിത്ത് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഡോ . ഉദയ കുമാർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി തുടങ്ങിയവർ സംസാരിച്ചു.

കാസർഗോഡ് ജില്ലയിലെ ഓർഫനേജുകളിൽ അരി, ഗോതമ്പ് വിതരണവുമായി ബന്ധപ്പെട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഓർഫനേജുകൾ സപ്ലൈക്കോ ഓഫീസിൽ പണം അടച്ചാണ് ഭക്ഷ്യവസ്തുകൾ കൈപ്പറ്റുന്നത് എങ്കിലും നിയമത്തിന്റെ പേര് പറഞ്ഞുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. കൂടുതലും അനുഭവപ്പെടുന്നത് ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ്. കേരളത്തിൽ മറ്റു ജില്ലകളിൽ ഈ ബുദ്ധിമുട്ടുകൾ ഉണ്ടാവറില്ലെന്നും അടിയന്തരമായി വിഷയം ജില്ലാ കളക്ടറുടെയും ജില്ലാ സപ്ലൈക്കോ ഓഫീസറുടെയും ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും എം എൽ എമാരും പങ്കെടുക്കാതെ വരുന്നത് കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കാതെ വരുന്നുവെന്നും ജനപ്രതിനിധികൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇലക്ഷൻ സമയം മാത്രം ഓർഫനേജുകളിലെ നിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന അസ്ഥിര നിലപാട് തിരുത്തണമെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

എട്ട് നിവാസികൾ ഒരു സ്റ്റാഫ് എന്ന സർക്കാർ നിർദേശം പാലിക്കപെടണമെങ്കിൽ സർക്കാർ തന്നെ ഇവർക്ക് ശബളം കൊടുക്കാൻ തയാറാകണം. നിത്യോപയോഗ ചിലവുകൾക്കായി പല സ്ഥാപനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് സർക്കാറിന്റെ ഇത്തരം നിർദേശങ്ങൾ. സുമനസുകളുടെ സഹായം കൊണ്ടു മാത്രമാണ് പല സ്ഥാപനങ്ങളും നിലവിൽ മുൻപോട്ട് നീങ്ങുന്നതെന്നും സർക്കാർ ഇത്തരം സ്ഥാപനങ്ങളിൽ സൗജന്യമായി വൈദ്യുതി നൽകാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

Get real time updates directly on you device, subscribe now.