ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കർശന പരിശോധന നടത്തണം: വി.ഡി സതീശൻ

0 265

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് ഒമ്പതുപേർ മരിക്കാനിടയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(strict checks needed on fitness of tourist bus v d satheeshan)

വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ച് 5 കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.

ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റർ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ‘ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചത്? മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിൽ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകളും ശ്രദ്ധിക്കണം.മോട്ടോർ വാഹന വകുപ്പിൻ്റെ എല്ലാ പരിശോധകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.

Get real time updates directly on you device, subscribe now.