തെരുവുപട്ടികള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങി

0 649

 

കണ്ണൂര്‍ : തെരുവുപട്ടികള്‍ക്ക് എസ്.പി.സി.എ.യുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങി. കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സ്, താവക്കര ബസ് സ്റ്റാന്‍ഡ്, താണ പെട്രോള്‍ പമ്ബ്, തോട്ടട ഹൗസിങ് കോളനി, പള്ളിക്കുളം എന്നിവിടങ്ങളിലാണ് ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നല്‍കുന്നത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷണശാലകള്‍ അടച്ചതിനാല്‍ തെരുവുപട്ടികളും പൂച്ചകളും ഭക്ഷണം കിട്ടാതെ വലയുന്നത് സംബന്ധിച്ച്‌ ‘മാതൃഭൂമി ‘ വ്യാഴാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാല്‍ അതിന് തയ്യാറാകുമെന്ന് എസ്.പി.സി.എ. സെക്രട്ടറി അഡ്വ. പ്രദീപ് അറിയിച്ചിരുന്നു. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്‌.പി.സി.എ.യുടെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. തെരുവുപട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്.

ലോക്ക്‌ ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍, അലഞ്ഞുതിരിഞ്ഞുനടക്കുന്ന വലുതും ചെറുതുമായ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. തെരുവുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിശ്ചിതസമയം നല്‍കാവുന്നതാണ്. അനുകമ്ബയുള്ള ആള്‍ക്കാര്‍ ഇത്തരത്തില്‍ സേവനം ചെയ്തില്ലെങ്കില്‍ മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങാനും അതുവഴി മറ്റുരീതിയിലുള്ള പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയുണ്ട്. സമൂഹത്തിന് ഇതിനെക്കുറിച്ച്‌ അവബോധം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭക്ഷണമില്ലാതെ നടക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തില്‍ നിയമസംരക്ഷകരും ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്.