‘സോകാൾഡ് പപ്പു’വിനെ അവർക്കെത്ര പേടി, ഈ പ്രതിസന്ധിയും രാഹുൽ മറികടക്കും’; പ്രതികരിച്ച് സ്വര ഭാസ്‌കർ

0 897

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ‘സോകാൾഡ് ‘പപ്പു’വിനെ അവർ എത്രമാത്രം ഭയക്കുന്നുവെന്ന് നോക്കൂ… രാഹുൽ ഗാന്ധിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും മഹത്തവും നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയമത്തിന്റെ നഗ്‌നമായ ദുരുപയോഗം. 2024 ലോക്സഭയിലേക്ക് രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ തന്ത്രങ്ങൾ.. ഈ തടസ്സത്തിൽനിന്ന് രാഹുൽ പുറത്തുവരുമെന്നാണ് എന്റെ അനുമാനം’ ട്വിറ്ററിൽ സ്വര ഭാസ്‌കർ കുറിച്ചു. രാഹുലിനെ അയോഗ്യനാക്കിയ വാർത്ത സഹിതമായിരുന്നു ട്വീറ്റ്.

നേരത്തെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്‌കർ പങ്കെടുത്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്‌കർ യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു-‘ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഈ യാത്രയെ വിജയകരമാക്കുന്നു’- എന്നായിരുന്നു ട്വീറ്റ്.

ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നടിയാണ് സ്വര ഭാസ്‌കർ. സംഘപരിവാർ ആശയങ്ങളുടെ കടുത്ത വിമർശകയാണ്. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങളും രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നിരുന്നു. ഹോളിവുഡ് താരം ജോൺ കുസാക്കും കോൺഗ്രസിൻറെ യാത്രയ്ക്ക് പിന്തുണ അറിയിച്ചു