മുതിർന്ന രാഷ്ട്രീയ നേതാക്കളെ ആദരിക്കുക വഴി അവർ സമൂഹത്തിനു മുന്നിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്: മന്ത്രി എ കെ ശശീന്ദ്രൻ

0 432

കണ്ണൂർ: ത്യാഗ നിർഭരമായ ജീവിതം നയിച്ച ആദ്യകാല രാഷ്ട്രീയ പ്രവർത്തകരെയും മുതിർന്ന രാഷ്ട്രീയ നേതാക്കളെയും അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് പുതുതലമുറ ചെയ്യേണ്ട പ്രധാന കർത്തവ്യമാണെന്നും ആദ്യകാല രാഷ്ട്രീയ പ്രവർത്തകരെയും മുതിർന്ന രാഷ്ട്രീയ നേതാക്കളെയും ആദരിക്കുന്ന പരിപാടി പൊതുസമൂഹത്തിന് മുന്നിൽ അവരെ പരിചയപ്പെടുത്തുന്നതിന് ഉതകുന്നതാണെന്നും സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരെയും നേതാക്കളെയും ആദരിക്കുന്ന പരിപാടിയായ ‘സമാദരം -2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാലയളവ് മുഴുവൻ പൊതു സമൂഹത്തിനു വേണ്ടി സേവനം ചെയ്യാനായി തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ നേതാക്കളെ ആദരിക്കുക വഴി അവർ സമൂഹത്തിനു മുന്നിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗവുമായ കെ എ ഗംഗാധരൻ, മത്സ്യത്തൊഴിലാളി മേഖലയിലെ നേതാവും എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗവുമായ ഹമീദ് ഇരിണാവ് എന്നിവരെയാണ് പരിപാടിയിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത്. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷതവഹിച്ചു. എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി, സെക്രട്ടറി കെ സുരേശൻ, ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് പി സി അശോകൻ, സാന്ത്വനം സെക്രട്ടറി സനോജ് നെല്ല്യാടൻ, ഷമീൽ ഇഞ്ചിക്കൽ, ഹെമു ലാൽ, തുടങ്ങിയവർ സംസാരിച്ചു