സഞ്ചരിക്കുന്ന ഓണ വിപണിയുമായി തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

0 467

സഞ്ചരിക്കുന്ന ഓണ വിപണിയുമായി തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

ഓണക്കാലമായാല്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ എല്ലാ വര്‍ഷവും ഓണചന്തകള്‍ നടത്താറുണ്ടെങ്കിലും ഇത്തവണ അതിനല്‍പ്പം വ്യത്യസ്തതയുണ്ട്.  കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച തില്ലങ്കേരിയില്‍ ഓണസദ്യ ഒരുക്കുന്നതിനുള്ള വിഷരഹിത- ജൈവ പച്ചക്കറികള്‍ സഞ്ചരിക്കുന്ന ഓണവിപണിയിലൂടെ ജനങ്ങളില്‍ എത്തിക്കുകയാണ് ഗ്രാമപഞ്ചായത്തും കൃഷിഭവനും. ഓണസമൃദ്ധി 2020-സഞ്ചരിക്കുന്ന ഓണവിപണി’യിലൂടെ ഗ്രാമപഞ്ചായത്തിന്റെ 13 വാര്‍ഡുകളിലായി 50 പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ വിലയില്‍ ഗുണഭോക്താക്കള്‍ക്ക് നാടന്‍ പച്ചക്കറികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കിയാണ് സംഭരിച്ചത്. ഇത് 30 ശതമാനം വിലകുറച്ച് ഗുണഭോക്താക്കളില്‍ എത്തിക്കും. കൃഷിഭവന്‍ പരിസരത്തു നിന്ന് ആരംഭിച്ച സഞ്ചരിക്കുന്ന ഓണവിപണി മൂന്ന് ദിവസമാണ് പ്രവര്‍ത്തിക്കുക.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് വിപണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ശ്രീധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാജന്‍, സെക്രട്ടറി അശോകന്‍ മലപ്പിലായി, കൃഷി ഓഫീസര്‍ കെ അനുപമ, കൃഷി അസിസ്റ്റന്റ് പി എസ് അനീഷ് എന്നിവര്‍ പങ്കെടുത്തു.