കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.
കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. “ദക്ഷിണകാശി” എന്നും “ദക്ഷിണ ഗയ” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ആണ് ബലി ഇടുക. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ്പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്. അതിനാൽ അനേകരാണ് ഇവിടെ പിതൃബലി, തിലഹോമം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്.
ഐതിഹ്യം
ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. അതിന് ശെഷം ഒരു അശിരീരി കേൾക്കുകയും ഈ സ്ഥലത്ത് പരബ്രഹ്മസ്വരൂപികളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ടെന്നും; “തിരുനെല്ലി” എന്ന് നാമകരണം ചെയ്യണമെന്നും ഇനി മറ്റ് സ്ഥലങ്ങളിൽ തീർഥാടനം നടത്തേണ്ടതില്ലെന്നും അറിയിച്ചു. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാളമായി കാണാം.
തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്
എത്തിച്ചേരാനുള്ള വഴി
ക്ഷേത്രം
മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, 138 കിലോമീറ്റർ അകലെ.
- ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 166 കിലോമീറ്റർ അകലെ.
- Address: Thirunelly Temple post, Mananthavady, Kerala 670646
