ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം- GURUVAYOOR THIRUVENKIDACHALAPATHI TEMPLE
GURUVAYOOR THIRUVENKIDACHALAPATHI TEMPLE THRISSUR
ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ക്ഷേത്രനഗരിയായ ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവവുമായ വെങ്കടാചലപതിയും മാതൃദേവതയായ ഭദ്രകാളിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതി ഷ്ഠകൾ. ‘കേരള തിരുപ്പതി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ രാമാനുജാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു.
ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് ‘തിരുവെങ്കടം’ എന്നാണ്. ഈ പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഏറെക്കാലം തകർന്ന നിലയിൽ കഴിഞ്ഞിരുന്ന ഈ ക്ഷേത്രം പിന്നീട് 1977-ലാണ് ഇന്ന് കാണുന്ന രീതിയിൽ പുനരാവിഷ്കരിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് (പാർത്ഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തിന്റെ) തിരുവെങ്കടാചലപതിക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
ഭാരതീയ ഭക്തിപ്രസ്ഥാനത്തിലെ ശുക്രനക്ഷത്രമായ ശ്രീ രാമാനുജാചാര്യർ തന്റെ ദേശാന്തര സഞ്ചാരത്തിനിടയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിലും വരാനിടയായി. അന്ന് അവിടെ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തിൽ പ്രതിഷ്ഠിയ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ഇന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്ന സ്ഥാനത്തിരുന്ന് തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാന്റെ അനുമതിയനുസരിച്ച് തിരുപ്പതിയിൽ നിന്നുതന്നെ വിഗ്രഹം കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു.
ഇപ്പറഞ്ഞ കാര്യം 1974-ലെ ദേവപ്രശ്നത്തിലാണ് തെളിഞ്ഞത്. ‘തിരുവെങ്കടം’ (മലയാളത്തിൽ തെറ്റിച്ച് ‘തിരുവെങ്കിടം’ എന്നെഴുതുന്നു) എന്ന സ്ഥലപ്പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരി യ്ക്കുന്നു. ഇതിന്റെ കാരണവും അന്ന് വ്യക്തമായി.
ചരിത്രം
ക്ഷേത്രനഗരിയായ ഗുരുവായൂരിൽ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിനും മമ്മിയൂർ മഹാദേവക്ഷേത്രത്തിനും പാർത്ഥസാരഥിക്ഷേത്രത്തിനുമൊപ്പം സവിശേഷമായ സാന്നിദ്ധ്യമായി വെങ്കടാചലപതിക്ഷേത്രം ഉയർന്നുവന്നു. ഗുരുവായൂരിലെ വൈഷ്ണവചൈതന്യം മൂന്നു മടങ്ങാക്കി ഉയർത്തിയത് ഈ ക്ഷേത്രമാണ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ ശ്രീഭദ്ര കാളിയെയും പ്രതിഷ്ഠിച്ചു. ഈ ഭഗവതിയെ നാട്ടുകാർ തട്ടകത്തമ്മയായി ഇന്നും ആരാധിച്ചു പോരുന്നു.
ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ സാമൂതിരിയുടെ തെക്കൻ അതിർത്തി പ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണ മുണ്ടായി. പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണ ക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. വെങ്കടാചല പതിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പു വിന്റെ പടയാളികൾ കൃഷ്ണശിലാ നിർമ്മിതമായിരുന്ന പഴയ വെങ്കടാചലപതിവിഗ്രഹത്തിന്റെ തലയും വലത്തെ കൈകളും വെട്ടിമാറ്റി. എന്നാൽ ഭഗവതിവിഗ്രഹം യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു. അങ്ങനെ കുറേക്കാലം ക്ഷേത്രം ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. അംഗഭംഗം സംഭവിച്ച വെങ്കടാ ചലപതിവിഗ്രഹം പലർക്കും ഒരു ദുഃഖചിത്രമായി കുറേക്കാലം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു. ആരുടേതാണ് ഈ വിഗ്രഹമെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
1974-ൽ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി. യശഃശരീരനായ ജ്യോതിഷപണ്ഡിതൻ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയായിരുന്നു പ്രാശ്നികൻ. ഈ ദേവപ്രശ്നത്തിലാണ് വെങ്കടാചലപതി സാന്നിദ്ധ്യം കണ്ടെത്തിയത്. കാലാകാലങ്ങളായി ‘തിരുവെങ്കടം’ എന്നറിയപ്പെട്ടിരുന്ന സ്ഥലപ്പേ രിന്റെ യഥാർത്ഥ കാരണം അന്നാണ് നാട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് തിരുപ്പതി യിലെത്തിയ നാട്ടുകാർ അന്നത്തെ പെരിയ ജീയർസ്വാമികളുടെ അനുഗ്രഹാ ശിസ്സുകളോടെ ഒരു വിഗ്രഹം വാങ്ങുകയും ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ച് ഗുരുവായൂരിലെത്തിയ്ക്കുകയും ചെയ്തു. ഇതിനോടകം തന്നെ ക്ഷേത്ര പുനരുദ്ധാരണവും കഴിഞ്ഞു.
1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ തിരുവെങ്ക ടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അന്നത്തെ ഗുരുവായൂർ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. എല്ലാറ്റി നും ചുക്കാൻ പിടിയ്ക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യാവ കാശിയായിരുന്ന യശഃശരീരനായ തിരുവെങ്കടം വാര്യത്ത് രാമചന്ദ്രവാര്യരുമുണ്ടായിരുന്നു.
പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം വൻ ജനപ്രീതിയിലേയ്ക്ക് കുതിച്ചുയർന്നു. ക്ഷേത്രഭരണ ത്തിന് ഒരു കമ്മിറ്റിയും നിലവിൽ വന്നു. ഇന്ന് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഗുരുവായൂരിൽ വരുന്ന നിരവധി ഭക്തർ ഈ കൊച്ചു തിരുപ്പതിയിലും ദർശനത്തിന് വരാറുണ്ട്.
എത്തിച്ചേരാനുള്ള വഴി
ഗുരുവായൂർ കിഴക്കേ നടയിൽ ആർ.വീസ് റെസിഡൻസി എന്ന ഹോട്ടലിന് സമീപമുള്ള വഴിയി ലൂടെയും റെയിൽവേ ഗേറ്റിന് സമീപമുള്ള വഴിയിലൂടെയും ഏതാണ്ട് 500 മീറ്റർ സഞ്ചരിച്ചാൽ യഥാക്രമം ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെത്താം.