ഇത്തവണത്തെ ഏറ്റവും മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത് നഞ്ചിയമ്മയ്ക്കാണ്. ആ പേര് മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ നഞ്ചിയമ്മയുടെ പുരസ്കാര നേട്ടം മലയാളിയ്ക്ക് ഏറെ സന്തോഷം പകർന്ന ഒന്നുതന്നെയാണ്. വലിയ ആവേശത്തോടെയാണ് കേരളത്തിലെ സാംസ്ക്കാരിക ലോകം വാർത്തയെ എതിരേറ്റത്. നിരവധി പ്രശസ്തരായ വ്യക്തികൾ നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോൾ പ്രമുഖ ഗായകനായ ഷഹബാസ് അമൻ നഞ്ചിയമ്മയെയും പുരസ്ക്കാര നേട്ടത്തെയും കുറിച്ച് ഫേസ്ബുക്കിൽ പങ്കിട്ട വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നഞ്ചിയമ്മയുടെ പാട്ടും ചിരിയും ഭൂലോകത്തെ ഏതൊരു അവാർഡിനും മുകളിലാണ് എന്നാണ് ഗായകൻ ഷഹബാസ് അമൻ കുറിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:-
“നഞ്ചിയമ്മ ! മുത്ത് പോലത്തെ പാടൽ ! മുത്ത് പോലത്തെ ചിരി!! രണ്ടും ഭൂലോകത്തിലെത്തന്നെ എത്ര വലിയ അവാർഡുകൾക്കും മേലെ, വില മതിക്കാനാവാതെ നിന്ന് വിലസിക്കൊണ്ടേയിരിക്കട്ടെ…! നൂറുൻ അലാ നൂർ എല്ലാവരോടും സ്നേഹം…”
നഞ്ചിയമ്മയുടെ ഫോട്ടോയ്ക്കൊപ്പമാണ് ഷഹബാസ് ഇങ്ങനെ കുറിച്ചത്. പുരസ്ക്കാര പ്രഖ്യാപനത്തെ തുടർന്ന് ചെറിയ ചില വിവാദങ്ങളും ഉയർന്നിരുന്നു. പ്രത്യേക ജ്യൂറി പരാമർശമായിരുന്നു ഗായികയ്ക്ക് കൊടുക്കേണ്ടിയിരുന്നതെന്നും പിന്നണി ഗായികയ്ക്കുള്ള അവാർഡിന് നഞ്ചിയമ്മ അർഹയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഒരു സംഗീത സംവിധായകൻ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ നഞ്ചിയമ്മയ്ക്ക് പുരസ്കാര നേട്ടത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി.
പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷം സംഗീതം പഠിച്ചാലും പാടാൻ കഴിയില്ല എന്നാണ് സംഗീത സംവിധായകൻ അൽഫോൻസ് അഭിപ്രായപ്പെട്ടത്. ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്കണമെന്നാണ് നഞ്ചിയമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ബിജിബാൽ കുറിച്ചു. സംഗീതത്തിന് എന്ത് ചാതുർവർണ്യമാണുള്ളതെന്ന് ചോദിച്ച ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ നഞ്ചിയമ്മയുടെ ഗാനം അതേ തന്മയത്വത്തോടെ മറ്റൊരാൾക്കും പാടാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.