ഇരിട്ടി: വീരാജ്പേട്ടയിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന നാടൻ തോക്കിൽ ഉപയോഗിക്കുന്ന 60 തിരകളുമായി തില്ലങ്കേരി സ്വദേശിയെ കിളിയന്തറ എക്സൈസ് സംഘം പിടികൂടി. തില്ലങ്കേരി മച്ചൂർ മലയിലെ കെ. പ്രമോദി (42 ) നെയായാണ് കിളിയന്തറ എക്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടിക്കൂടിയത് .
ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഓൾട്ടോ കാറിൽ കടത്തുകയായിരുന്ന തിരകൾ കണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു തിരകൾ. ഒരുപെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ 60 തിരകളാണ് ഉണ്ടായിരുന്നത്. എക്സൈസ് സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയും , കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി തിരകളും , കാറും, പ്രതിയേയും ഇരിട്ടി പൊലീസിന് കൈമാറി.
എക്സൈസ് ഇന്പസ്പെക്ടർ വിഷ്ണുവിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ കെ. മുഹമ്മദ്, പി.എം. കെ. സജിത്കുമാർ, സി ഇ ഒ മാരായ ഹാരിസ്, പ്രവീൺ എന്നിവരും തിരകൾ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.