റോഡുകൾ കൃത്യമായി ഉപയോഗിക്കാനുള്ള പൊതുബോധം ഉണ്ടാവണം: ജി സുധാകരൻ. തൊണ്ടിയിൽ പാലം തുറന്നു

0 104

 

 

പൊതുമരാമത്ത് വകുപ്പ് നിരവധി റോഡുകളും കെട്ടിടങ്ങളുമാണ് ഓരോ വർഷവും പണിയുന്നത്. എന്നിട്ടും ഇവയെല്ലാം വേണ്ടവിധത്തിൽ ഉപയോഗിക്കാനുള്ള ക്ഷമയും പൗരബോധവും സമൂഹത്തിൽ ഉണ്ടാവുന്നില്ലെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പുമന്ത്രി
ജി സുധാകരൻ. തൊണ്ടിയിൽ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ഇത്രയും റോഡ് ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടി വരുന്നതെന്ന് ഇത്തരത്തിൽ റോഡുകൾ നിർമ്മിച്ചാൽ മാത്രം പോര റോഡിൽ സഞ്ചരിക്കുന്നതിന് നിയമങ്ങൾ കൂടി പാലിക്കണം. അതിന് പഞ്ചായത്തുകളും സ്കൂളുകളും പലപ്രദമായ ക്യാമ്പയിനുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ലൈസൻസ് നേടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ അധികൃതർക്ക് സാധിക്കണം.
ഇന്ന് കേരളത്തിൽ വൈകാരികമായുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം. ഇത് കേരളത്തെ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. ദുരന്തങ്ങൾ പ്രസിദ്ധീകരിച്ച്‌ പണമുണ്ടാക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
റോഡുകളും വികസനപ്രവർത്തനങ്ങളും തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. നല്ല റോഡുകൾ ഉണ്ടാവുമ്പോൾ വാഹനങ്ങളുടെ വേഗത കൂടുന്നു ചിലപ്പോൾ നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നു അപ്പോൾ നേരിടേണ്ടി വരുന്ന ദുരന്തങ്ങൾക്ക് വീണ്ടും ജനങ്ങളും മാധ്യമങ്ങളും പഴിക്കുന്നത് പൊതുമരാമത്ത് വകുപ്പിനെയാണ്.
സർക്കാർ സ്ഥാപനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുപ്പോൾ അപാകതകൾ തുടക്കത്തിൽ തന്നെ പരിഹരിച്ച് വേണം നിർമ്മാണം പൂർത്തിയാക്കാൻ എന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ പൊതുമരാമത്ത് ഓഫീസുകളും സ്ത്രീ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാവൂർ മണ്ഡലത്തിലെ കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ തെറ്റു വഴി-തൊണ്ടി മണത്തണ റോഡിലാണ് പുതിയ പാലം പണിതത്. പാലത്തിന് 10.74 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളായി ആകെ 21.48 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമാണുള്ളത്. 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡുകൾ പേരാവൂർ ഭാഗത്തേക്ക്‌ 58 മീറ്ററും തൊണ്ടിയിൽ ഭാഗത്തേക്ക്‌ 104 മീറ്റർ നീളത്തിലും നിർമ്മിച്ചിട്ടുണ്ട്. 2.61 കോടി രൂപയുടെ സാങ്കേതികാനുമതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത്‌ അംഗം വി കെ സുരേഷ് ബാബു, ചീഫ് എഞ്ചിനീയർ എസ് മനോ മോഹൻ, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി കെ മിനി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്ന, വൈസ് പ്രസിഡണ്ട് വി ഷാജി, അംഗം ഷൈനി ബ്രിട്ടോ, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി, അംഗങ്ങളായ ഡാർലി ടോം, ജോൺസൺ ജോസഫ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി രാജേഷ് ചന്ദ്രൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.