നിറകണ്ണുകളോടെ ആയിരങ്ങൾ; ഔദ്യോഗിക ബഹുമതികളോടെ രാജ്യം പ്രിയഗായികയ്ക്ക് യാത്രാമൊഴി നൽകി..
അനശ്വര സംഗീതസ്വരമാധുരി കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച ഇതിഹാസത്തിന് വിട. സന്തോഷത്തിലും സന്താപത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മാസ്മരസ്വരംകൊണ്ട് പരലക്ഷങ്ങൾക്ക് ആശ്വാസക്കുളിർ പകർന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ ഇനി നിലക്കാത്ത ശബ്ദമധുരമായി ഓർമകളിൽ നിറയും. മുംബൈയിലെ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം ലതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ. നിറകണ്ണുകളോടെ ആയിരങ്ങൾ പ്രിയഗായികയ്ക്ക് യാത്രാമൊഴി നൽകി.
അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാർക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ശിവാജി പാർക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, ഷാറൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ശരദ് പവാർ, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചൻ, അനുപം ഖേർ, ജാവേദ് അക്തർ, സഞ്ജയ് ലീല ബൻസാലി അടക്കം പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയിൽ ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതയെ ന്യൂമോണിയയെത്തുടർന്ന് നില ഗുരുതരമായാണ് ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. 92 വയസായിരുന്നു.
ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ് ഐസിയുവിൽനിന്ന് മാറ്റിയത്. എന്നാൽ, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.