ഈ വാരം മൂന്ന് ചിത്രങ്ങൾ തീയേറ്ററുകളിലേക്ക്

0 659

കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ ബി​ഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ് നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഈ വാരം മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന ‘എല്ലാം ശരിയാകും’, ഇന്ദ്രജിത് സുകുമാരന്റെ ‘ആഹാ’, ഒരു കൂട്ടം യുവതാരങ്ങൾ ഒന്നിക്കുന്ന ‘ജാൻ എ മൻ’ എന്നീ ചിത്രങ്ങൾ നവംബർ 19ന് തീയേറ്ററുകളിൽ പ്രദർനത്തിനെത്തും.

ഇതിന് പുറമേ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഓടിടി റിലീസായും ഈ വാരം പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.

ജാൻ എ മൻ

മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന കോമഡി എന്റർടെയ്നറാണ് ജാൻ എ മൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

                                                                                        എല്ലാം ശരിയാകും   

ആസിഫ് അലി-രജിഷ വിജയൻ താരജോഡികളെ ഒന്നിപ്പിച്ച് ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആന്റണി, തുളസി ശിവമണി, സേതുലക്ഷ്മി, ബാലു വർ​ഗീസ്, കിച്ചു ടെല്ലസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

ആഹാ

വടംവലി പ്രമേയമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായിൽ ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാഹുൽ ബാലചന്ദ്രനാണ്. ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സംഗീതം സയനോര ഫിലിപ്പാണ്.