തൃക്കാരിയൂർ മഹാദേവക്ഷേത്രം-THRIKKARIYOOR MAHADEVA TEMPLE

THRIKKARIYOOR MAHADEVA TEMPLE ERNAKULAM

0 230

എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിലാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നു വിശ്വസിക്കപ്പെടുന്നു.ആദി ചേര രാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്ക പ്പെടുന്ന കരവൂർ (കരോരൈ) ചരിത്രപരമായ സവിശേഷതകളാലും ഐതിഹ്യങ്ങളാ ലും ഏറെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ചരിത്ര ഗ്രന്ഥങ്ങളിലും കരവൂരിനെ പറ്റി പരാമർശിച്ചിട്ടുണ്ട്

ഐതിഹ്യം

ക്ഷേത്ര ഉത്പത്തി

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെ മുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടാൻ പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. എന്നാൽ അവരിൽ ചിലർ അത് സ്വീകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് അദ്ദേഹം വരുണദേവനിൽ നിന്ന് അനുമതി വാങ്ങി സ്വന്തം മഴുവെറിഞ്ഞ് കേരളഭൂമി സൃഷ്ടിച്ചു. ബാക്കിയുള്ള ബ്രാഹ്മണാരെ അദ്ദേഹം കേരളത്തിലേയ്ക്ക് ക്ഷണിച്ചു. തുടർന്ന് അവരെ 64 ഗ്രാമങ്ങളിലായി താമസിപ്പിച്ച അദ്ദേഹം അവർക്ക് ആരാധന നടത്താൻ 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാക്ഷേത്രങ്ങളും 5 ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ അവസാനം നിർമ്മിച്ച ക്ഷേത്രമായിരുന്നു തൃക്കാരിയൂർ മഹാദേവക്ഷേത്രം. ഇവിടെയും പ്രതിഷ്ഠ നടത്തിയശേഷം അദ്ദേഹം അന്തർദ്ധാനം ചെയ്തു. ക്ഷേത്രക്കുളത്തിന്റെ കരയിൽ വച്ചാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തതെന്ന് പറയപ്പെടുന്നു. ഇന്ന് അത് നടന്ന സ്ഥലത്ത് അദ്ദേഹത്തെ സങ്കല്പിച്ച് പൂജകൾ നടക്കുന്നുണ്ട്. അന്തർദ്ധാനത്തിന് തൊട്ടുമുമ്പ് പരശുരാമൻ താൻ പതിനെട്ട് യോഗക്കാരായി തിരിച്ച തൃക്കാരി യൂരിലെ ബ്രാഹ്മണരെ മൊത്തം വിളിച്ചുകൂട്ടി എന്തെങ്കിലും അടിയന്തരഘട്ടമുണ്ടെങ്കിൽ തന്നെ വിളിച്ചാൽ മതിയെന്നും അപ്പോൾ താൻ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചു.

ഭൂതത്താൻകെട്ട്

കേരളത്തിലെ അതിപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് തൃക്കാരിയൂർ ക്ഷേത്രത്തിൽനിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്. ആ സ്ഥലവുമായി ഈ ക്ഷേത്രത്തെ ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യം നിലവിലുണ്ട്. അതിങ്ങനെ:

തൃക്കാരിയൂർ ക്ഷേത്രസ്ഥാപനത്തിനുശേഷം, അവിടെ ശിവചൈതന്യം അത്യന്തം വർദ്ധിച്ചു. ഗ്രാമവാസികൾ തികഞ്ഞ ഭക്തിയോടും നിഷ്ഠയോടും കഴിഞ്ഞു. തന്മൂലം അവിടെ സർവ്വൈ ശ്വര്യങ്ങളും വിളയാടി. ഇത് സ്വാഭാവികമായും ദുഷ്ടശക്തികളായ ഭൂതത്താന്മാരെ അസ്വസ്ഥരാക്കി. ആ ഗ്രാമത്തെ ഏതുവിധത്തിലും നശിപ്പിയ്ക്കാൻ തന്നെ അവർ തീരുമാനിച്ചു. ഒടുവിൽ, അവർ ഒരു പദ്ധതിയിട്ടു. രാത്രി തികച്ചും രഹസ്യമായി അടുത്തുള്ള പുഴയിൽ അണകെട്ടുക. സൂര്യോദയ ത്തിനുമുമ്പ് പണിതീർക്കുകയും വേണം. അങ്ങനെ വരുമ്പോൾ ഗ്രാമവും അതുവഴി ക്ഷേത്രവും നശിച്ചുപോകും. അങ്ങനെ, ഒരുദിവസം രാത്രിയിൽ അവർ അവിടെയെത്തി അണകെട്ടാൻ തുടങ്ങി. എന്നാൽ, ഭക്തവത്സലനായ സാക്ഷാൽ തൃക്കാരിയൂരപ്പൻ (ശിവൻ) സംഭവം മണത്തറിയുകയും പാതിരാത്രിയിൽ അണക്കെട്ടുപണി തിരുതകൃതിയായി നടക്കുമ്പോൾ അവിടെ ഒരു പൂവൻ കോഴിയായി വേഷം മാറിച്ചെന്ന് കൂവുകയും ചെയ്തു. നേരം പുലർന്നുവെന്ന് വിചാരിച്ച് ഭൂതത്താന്മാർ പണി പാതിവഴിയിൽ അവസാനിപ്പിച്ച് സ്ഥലം വിട്ടു. അങ്ങനെ തൃക്കാരിയൂർ ഗ്രാമം സർവ്വനാശത്തിൽനിന്ന് രക്ഷപ്പെട്ടു. അന്ന് ഭൂതത്താന്മാർ പണികഴിപ്പിയ്ക്കാൻ വിചാരിച്ച ആ അണക്കെട്ടാണ് പിൽക്കാലത്ത് ‘ഭൂതത്താൻകെട്ട്’എന്നറിയപ്പെട്ടത്. ഇന്ന് അവിടെ പുതിയൊരു അണക്കെട്ട് പണിതിട്ടുണ്ട്. എന്നാൽ, പഴയ അണക്കെട്ടിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാം. ഒപ്പം പക്ഷി നിരീക്ഷണകുലപതി ഡോ. സാലിം അലിയുടെ പേരിലുള്ള പക്ഷി നിരീക്ഷണകേന്ദ്രവും അവിടെയുണ്ട്. ആയിരക്കണക്കിന് സഞ്ചാരികൾ അവിടെയെത്തുന്നുണ്ട്.

തീയാട്ടുണ്ണികൾ

കേരളത്തിലെ അമ്പലവാസി വിഭാഗങ്ങളിൽപ്പെടുന്ന ഒരു പ്രത്യേക സമുദായമാണ് തീയാട്ടുണ്ണികൾ. പേര് സൂചിപ്പിയ്ക്കുന്നതു പോലെ തീയാട്ട് എന്ന അനുഷ്ഠാനകല നടത്തിവരുന്നതാണ് ഇവരുടെ ജോലി. ഭദ്രകാളിത്തീയാട്ടാണ് ഇവർ നടത്തിവരുന്നത് . ഐതിഹ്യ മാലയുടെ  കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയടക്കം ഒരുപാട് പ്രമുഖർഈ സമുദായത്തിൽപെട്ടവരായിരുന്നു. ഈ സമുദായ ത്തിന്റെ ഉദ്ഭവത്തിനുപിന്നിലും തൃക്കാരിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:

ഒരിയ്ക്കൽ, തൃക്കാരിയൂർ ഗ്രാമത്തിൽ അതികഠിന മായ വസൂരിബാധയുണ്ടായി. നിരവധി ആളുകൾ രോഗം വന്ന് മരിച്ചൂ. മറ്റുചിലർ ജീവച്ഛവങ്ങളായി. ഈയവസരത്തിൽ ക്ഷേത്രനടത്തി പ്പുകാരായ പതിനെട്ട് യോഗക്കാർ പ്രതിവിധിയ്ക്കായി പരശുരാമനോട് പ്രാർത്ഥിച്ചു. കയ്യിലൊരു തീപ്പന്തവുമായി പരശുരാമൻ പ്രത്യക്ഷപ്പെടുകയും പ്രതിവിധി നിർദ്ദേശിയ്ക്കുകയും ചെയ്തു. തന്റെ കയ്യിലുള്ള പന്തം കൊണ്ടുപോയി വസുരിബാധിതഗൃഹങ്ങളിലെല്ലാം ഉഴിയണമെന്നും അങ്ങനെ ചെയ്താൽ നാടിന് ശ്രേയസ്സുണ്ടാകുമെന്നുമായിരുന്നു പ്രതിവിധി. എന്നാൽ, യോഗക്കാർ പന്തം വാങ്ങാൻ ഭയപ്പെട്ടു. അപ്പോൾ, ഏകദേശം പന്ത്രണ്ടുവയസ്സ് തോന്നിയ്ക്കുന്ന, ഉപനയനം കഴിഞ്ഞതും എന്നാൽ സമാവർത്തനം കഴിയാത്തതുമായ ഒരു ഉണ്ണി (ബ്രാഹ്മണബാലൻ) ഓടിവന്ന് തന്റെ ഇടത്തെക്കൈ കൊണ്ട് പരശുരാമന്റെ കയ്യിൽ നിന്ന് പന്തം വാങ്ങിച്ചു. ഇത് പരശുരാമന് ഇഷ്ടപ്പെട്ടില്ല. ഉണ്ണി ഇടത്തെക്കൈ കൊണ്ട് വാങ്ങിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പന്തമുഴിയൽ നടത്താമെന്നും അതുവഴി നാടിന് ശ്രേയസ്സുണ്ടാകുമെന്നും അദ്ദേഹം അരുൾ ചെയ്തു. തുടർന്ന് യോഗക്കാരും മറ്റ് ബ്രാഹ്മണരും ആ ഉണ്ണിയെയും അവന്റെ വീട്ടുകാരെയും ഭ്രഷ്ട് കല്പിച്ച് പുറത്താക്കി പ്രത്യേകസമുദായമാക്കി അടിച്ചുതാഴ്ത്തി. അങ്ങനെയാണ് തീയാട്ടുണ്ണികൾ എന്ന സമുദായമുണ്ടാകുന്നത്.

ഇന്ന് എല്ലാമാസവും തിരുവാതിരനാളിൽ തൃക്കാരിയൂർ ക്ഷേത്ര ത്തിൽ  തീയാട്ടുണ്ണികളുടെ വക പന്തമുഴിയലും തീയാട്ടുണ്ടാകാറുണ്ട് .ഉണ്ണികുടുംബക്കാർ കിരീടം ധരിച്ച്, ചുട്ടികുത്തി, കയ്യിൽ തീപ്പന്തവുമേന്തി തൃക്കാരിയൂരപ്പനെയും ഉപദേവതകളെയും കൂടി നിൽക്കുന്ന ഭക്തജനങ്ങളെയും പന്തമുഴിഞ്ഞ് അമ്പലത്തിന് പ്രദ ക്ഷിണം വയ്ക്കുന്നു. അന്ന് ഉച്ചയ്ക്ക് നടക്കുന്ന പ്രത്യേക പാട്ടോടെയാണ് തീയാട്ട് തുടങ്ങുക. പാട്ട് കഴിഞ്ഞാൽ അവിടെ ഭദ്രകാളിയുടെ കളം വരയ്ക്കുന്നു. പ്രധാനവർണ്ണമായ പച്ച കുടഞ്ഞ് കരിപ്പൊടി കൊണ്ടാണ് കളം വരയ്ക്കുക. ധ്യാനസങ്കല്പ മനുസരിച്ച് 2, 4, 8, 16, 32, 64 എന്നിങ്ങനെ കൈകളുള്ള രൂപങ്ങൾ വരയ്ക്കും. അടുത്ത ചടങ്ങ് സന്ധ്യകൊട്ടാണ്. അത് നടക്കുമ്പോൾത്തന്നെ ഉണ്ണികൾ കളത്തിനരികിലിരുന്ന് ഭഗവതിസ്തുതികൾ ആലപിച്ചുതുടങ്ങും. പാട്ട് അവസാനിയ്ക്കാറാകുമ്പോൾ ഒരാൾ ദേവീവേഷം കെട്ടിവന്ന് പൂക്കു ലയോ കുരുത്തോലയോ കൊണ്ട് കളം മായ്ക്കുന്നു. ഈ കളത്തിലെ പൊടികൾ തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകുന്നു.

ചരിത്രം

ആദിചേരസാമ്രാജ്യം

ആദിചേരസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ഇന്നത്തെ കരവുർ ക്ലോഡിയസ് ടോളമി യുടെ പുട്ടിങ്ങർ രേഖകളിൽ കരയൂരിന്റെ പറ്റി പരാമർശിച്ചിട്ടുണ്ട്

റ്റോളമിയുടെ പുട്ടിങ്ങർ രേഖകളിൽ കവരൂരും മുസിരിസും

അന്ന് ഇവിടത്തെ ക്ഷേത്രം രാജ്യത്തിന്റെ അന്തസ്സിന്റെ ഭാഗമായിത്തന്നെ നിലനിന്നിരുന്നു. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ബന്ധം .ചേരരാജാവായിരുന്ന ഭാസ്കര രവിവർമ്മയുടെ കാലത്താണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് അന്ന് പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രം ആദിചേരസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തന്മൂലം അന്ന് ആ ക്ഷേത്രത്തിന് വളരെയധികം വളർച്ചയുണ്ടായി.തൃക്കാക്കരയിൽഅന്ന് കർക്കട കമാസത്തിലെ തിരുവോണം നാൾ (പിള്ളേരോണം) മുതൽ ചിങ്ങമാസത്തിലെ  തിരു വോണം നാൾ വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു.ഈ ഉത്സവം തന്റെ രാജ്യത്തെ ജനങ്ങളെല്ലാവരും ആഘോ ഷിയ്ക്കണമെന്ന് രാജാവ് ഉത്തരവിട്ടു. അങ്ങനെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട്, ഉത്സവം 10 ദിവസമായി ചുരുങ്ങി ചിങ്ങമാസത്തിലെ അത്തം നാൾ മുതൽക്കായി. അങ്ങനെ ഓണവും ചുരുങ്ങി.

കേരളത്തിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ തൃക്കാരി യൂരും അതിന്റെ ഭാഗമായി. പള്ളിബാണപ്പെരുമാൾ എന്നറിയപ്പെട്ടിരുന്ന ഒരു രാജാവ് അക്കാലത്ത് നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും ശക്തമായി നിരോധിയ്ക്കുകയും അതുവഴി ഹിന്ദു മതത്തിന്റെ ശക്തി ക്ഷയിയ്ക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലുണ്ടായ വലിയ സംഘർഷ ങ്ങളുടെ ബാക്കിപത്രങ്ങൾ ഇന്നും തൃക്കാരിയൂരിലും പരിസരത്തും കാണാം. ക്ഷേത്രത്തിലെ ആചാരങ്ങളും ഒപ്പം പരിസരപ്രദേശത്തുള്ള കല്ലിൽ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളും അതിന്റെ തെളിവുകളാണ്.

വടക്കുംകൂർ, തിരുവിതാംകൂർ രാജ്യങ്ങൾ

പിൽക്കാലത്ത് ക്ഷേത്രം വടക്കുംകൂർ രാജ്യത്തിന് കീഴിലായി. അക്കാലത്തും ക്ഷേത്രം പ്രൗഢിയോടെ നിലകൊണ്ടു. വടക്കുംകൂറിനെ തിരുവിതാംകൂർ ആക്രമിച്ച് കീഴടക്കിയപ്പോൾ ക്ഷേത്രത്തിന്റെ പ്രാധാന്യം അസ്തമിയ്ക്കുകയും തൃക്കാരിയൂരും തിരുവിതാംകൂറിലെ എണ്ണമറ്റ ക്ഷേത്രങ്ങളി ലൊന്നാകുകയും ചെയ്തു. എങ്കിലും, തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ഇവിടെ വന്ന് ദർശനം നടത്തുക പതിവുണ്ടായിരുന്നു. അക്കാലത്തൊരിയ്ക്കൽ ക്ഷേത്രം അഗ്നിബാധയ്ക്കിരയായി. ഒരു ദിവസം രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശാന്തിക്കാർ തീപടരുന്ന ശബ്ദം കേട്ട് ഉണരുകയാ യിരുന്നു. തുടർന്ന്, ഭയപ്പെട്ടോടിയ മേൽശാന്തി ശ്രീകോവിലിൽ കയറി തിടമ്പെടുത്തു. ശിവലിംഗം ചെമ്പുതുണികൊണ്ട് മൂടി. മേൽശാന്തി തിടമ്പ് ക്ഷേത്രക്കുളത്തിൽ മുക്കിപ്പിടിച്ചു. അങ്ങനെയാ ണെങ്കിൽ തീയണയുമെന്നായിരുന്നു വിശ്വാസം. ഭാഗ്യവശാൽ, ക്ഷേത്രത്തിന് കാര്യമായ തകരാറുക ളൊന്നും പറ്റിയില്ല. തുടർന്ന്, അറ്റകുറ്റപ്പണികൾ നടന്നു. ശ്രീ മൂലം തിരുനാൾ രാമവർമ്മത്ത മ്പുരാനായിരുന്നു അപ്പോൾ തിരുവിതാം കൂർ  മഹാരാജാവ്. അദ്ദേഹം ക്ഷേത്രം സർക്കാരിനു കീഴിൽ കൊണ്ടു വന്നു. ഇന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  കീഴിലാണ്.

വടക്കുംകൂർ ക്ഷേത്രഭരണം കയ്യാളിയിരുന്ന കാലത്ത് ധാരാളം തമിഴ് ബ്രാഹ്മണർ ഇവിടെയെ ത്തിയിരുന്നു. തമിഴ്നാട്ടിലെ  തിരുച്ചിറപ്പ ള്ളിയിലുണ്ടായ ചില കലാപങ്ങളെത്തുടർന്ന് പലായനം ചെയ്ത് ഇവിടെയെത്തിയതാണത്രേ അവർ. തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അവർക്ക് താമസിയ്ക്കാൻ വീടുകൾ നിർമ്മിച്ചുകൊടുത്തു. അത് കാലാന്തരത്തിൽ അഗ്രഹാരമായി മാറി. ക്ഷേത്രത്തിൽ അവർക്ക് ചില പ്രത്യേക അവകാശങ്ങളും കൊടുത്തിരുന്നു. നടശ്ശാന്തി, കുട ശ്ശാന്തി , പുരാണപാരായണം തുടങ്ങിയവ അവയിൽ പ്രധാനമായി രുന്നു. വൈക്കത്തേ തുപോലെ  ഇവിടെയും ഘട്ടിയം ചൊല്ലൽ പതിവുണ്ടായിരുന്നു. ഇതും തമിഴ് ബ്രാഹ്മണരുടേതായിരുന്നു.

വിശേഷദിവസങ്ങൾ

കൊടിയേറ്റുത്സവം

മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തൃക്കാരിയൂരിൽ നക്ഷത്രമനുസരിച്ചല്ല ഉത്സവം നടത്തുന്നത്. മീനമാസം ഒന്നാം തീയതി കൊടിയേറി പത്താം തീയതി ആറാട്ടോടെ അവസാനിയ്ക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്. തിരുനക്കരയിലും ഇതേ സമയത്താണ് ഉത്സവം. ഒന്നാം ദിവസം സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം കൊടിയേറിക്കഴിഞ്ഞാൽ പിന്നീടുള്ള പത്തുദിവസം ഗംഭീര മായ  ആഘോഷങ്ങളാണ്. എല്ലാ ദിവസവും ഉത്സവബലി ദർശനമുണ്ടാകും. ഉത്സവത്തോ ടനുബന്ധിച്ച് ഒമ്പതുദിവസവും വിശേഷാൽ കലാ പരിപാടികളുമുണ്ടാകാറുണ്ട്. കഥകളി, കൂത്ത്, കൂടിയാട്ടം, തുള്ളൽ തുടങ്ങിയവയാണ് പ്രധാനം. എന്നാൽ ശാസ്ത്രീയസംഗീതം , നൃത്ത നൃത്യങ്ങൾ, നാടകം, കഥാപ്രസംഗം തുടങ്ങിയവയും ഉത്സവത്തോ ടനുബന്ധിച്ച് നടന്നുവരാറുണ്ട്. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. ഇതിനോടനുബന്ധിച്ച് ഭഗവാൻ മതിൽക്കെട്ടിന് പുറത്തേയ്ക്കെ ഴുന്നള്ളുന്നു. തുടർന്ന് അല്പദൂരം മുന്നോട്ടുപോയശേഷം ഒരു ഒഴിഞ്ഞ പറമ്പിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള കിടങ്ങുകൾ അമ്പെയ്ത് തകർക്കുന്നു. പള്ളിവേട്ടയും തുടർന്നുള്ള ആഹ്ലാദ പ്രകടനവും കാരണം ക്ഷീണിതനാകുന്ന ഭഗവാൻ മണ്ഡപത്തിൽ പള്ളികൊള്ളുന്നു. പിറ്റേന്ന് രാവിലെ പശുക്കുട്ടിയുടെ ശബ്ദം കേട്ട് പള്ളിയുണരുന്ന ഭഗവാൻ തുടർന്ന് വിശേഷാൽ പൂജക ൾക്കുശേഷം ആനപ്പുറത്ത് ആറാട്ടിന് പുറപ്പെടുന്നു. പണ്ട് ക്ഷേത്രത്തിൽ നിന്ന് അല്പദൂരം മാറി സ്ഥിതിചെയ്യുന്ന തിരുമടക്ക് മഹാവിഷ്ണുക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന പുഴയിലായിരുന്നു ആറാട്ട്. എന്നാൽ, ഇന്ന് ക്ഷേത്രത്തിനടുത്തുള്ള പുഴയിൽത്തന്നെയാണ് ആറാട്ട്. വാസ്തവത്തിൽ, രണ്ടും ഒരേ നദിയാണ്! ശിവഭഗവാന്റെ പഞ്ചലോഹനിർമ്മിതമായ ചതുർബാഹുവിഗ്രഹമാണ് ഇവിടെ ആറാട്ടിനെടുക്കുന്നത്. ഇതിൽ ഇളനീരും നെയ്യും അഭിഷേകം ചെയ്യുന്നു. തുടർന്ന് വിഗ്രഹ വുമായി നദിയിലിറങ്ങുന്ന തന്ത്രിയും ശാന്തിക്കാരും മൂന്നുവട്ടം മുങ്ങുന്നു. പിന്നീട് കരയ്ക്കെ ത്തിയ്ക്കുന്ന വിഗ്രഹത്തിൽ മഞ്ഞൾപ്പൊടി അഭിഷേകം ചെയ്ത് വീണ്ടും നദിയിലിറങ്ങി മൂന്നുവട്ടം മുങ്ങുന്നു. ഭഗവാനും തന്ത്രിയ്ക്കും ശാന്തിക്കാർക്കുമൊപ്പം ലക്ഷോപലക്ഷം ഭക്തജനങ്ങളും മുങ്ങി നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളത്ത്. തുടർന്ന് ഏഴുവട്ടം പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ക്ഷേത്രോത്സവത്തിന് പരിസമാപ്തി യാകുന്നു. വർണ്ണശബളമായ വെടിക്കെട്ടും ഉത്സവത്തോട നുബന്ധിച്ചുണ്ടാകാറുണ്ട്.

ശിവരാത്രി

കുംഭമാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശിദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. തൃക്കാരിയൂരിൽ ശിവരാത്രി വളരെയധികം പ്രാധാന്യത്തോടെ മൂന്നുദിവസത്തെ ഉത്സവമായി ആഘോഷി ച്ചുവരുന്നു. ഇതിനോടനുബന്ധിച്ച് വിശേഷാൽ പൂജകളും കലാപരിപാടി കളുമു ണ്ടാകും. ശിവരാത്രിനാളിൽ വലിയൊരു ഭക്തജനപ്രവാഹം തന്നെ ക്ഷേത്രത്തിലുണ്ടാകും. ശിവലിംഗത്തിൽ മുടങ്ങാതെ അഭിഷേകം നടത്തുന്നതാണ് അന്നത്തെ വിശേഷം. അന്ന് രാത്രി നടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും.

ധനു തിരുവാതിര

ധനുമാസത്തിലെ തിരുവാതിര ശിവഭഗവാന്റെ ജന്മദിനമായി ആചരിച്ചുവരുന്നു. അതേ സമയം, ശിവന്റെയും പാർവ്വതിയുടെയും വിവാഹദിനമായും ആചരിച്ചുവരുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ ഈ ദിവസം വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ ഒരുകാലത്ത് രേവതി മുതൽ തിരുവാതിര വരെ ആഘോഷമുണ്ടായിരുന്നു. ഇന്ന് പഴയപോലെ പരി പാടികളില്ലെങ്കിലും തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളെ ഇന്നും കേരളത്തിൽ കാണാം. തൃക്കാ രിയൂർ ക്ഷേത്രത്തിൽ തിരുവാതിര നാളിൽ വിശേഷാൽ പൂജകളുണ്ടാകും. ഭസ്മാഭിഷേകമാണ് അന്ന്  ശിവന് ഏറ്റവും വിശേഷം. അന്നുരാത്രി ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തിരുവാതിര ക്കളിയുമുണ്ടാകും.

പ്രദോഷവ്രതം

ശിവപ്രീത്യർത്ഥം അനുഷ്ഠിയ്ക്കുന്ന ഒരു വ്രതമാണ് പ്രദോഷവ്രതം. ത്രയോദശിതിഥി സന്ധ്യ യ്ക്കുവരുന്ന ദിവസമാണ് ഇത് ആചരിച്ചുവരുന്നത്. ഈ ദിവസമാണ് പാർവ്വതീദേവിയെ സന്തോഷിപ്പിയ്ക്കാൻഭഗവാൻ നടരാജനായി ആനന്ദതാണ്ഡവമാടുന്നതെന്നും അതുകാണാൻ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ തുടങ്ങി എല്ലാ ദേവതകളും എത്തിയിട്ടുണ്ടാകുമെന്നും വിശ്വാസമുണ്ട്. തൃക്കാരി യൂർ ക്ഷേത്രത്തിൽ പ്രദോഷവ്രതം അത്യധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ഇന്നും പ്രദോഷവ്രതമെടുക്കുന്ന ഭക്തർ ധാരാളം ക്ഷേത്രത്തിലുണ്ടാകാറുണ്ട്. ഈ ദിവസമാണ് ക്ഷേത്രത്തിലെ അതിപ്രധാനമായ മഷിയിലപ്രസാദം വിതരണം ചെയ്യുന്നത്. സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷനാളിൽ അഭിഷേക മുണ്ടാകാറുണ്ട്. എന്നാൽ, ഇവിടെ മാത്രം അഭിഷേകമില്ല. അതിനുപകരമാണ് മഷിയില. ഈ ഇലയിൽ ലക്ഷ്മീനാരാ യണസാന്നിദ്ധ്യ മുള്ളതായി വിശ്വസിച്ചുവരുന്നു. അതിനാൽ ഇത് സൂക്ഷിയ്ക്കുന്നത് ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്നു. ഇത് വാങ്ങാൻ വൻ ഭക്തജനപ്രവാഹമാണുണ്ടാകുക. തിങ്കൾ, ശനി എന്നീ ദിവസങ്ങളിൽ വരുന്ന പ്രദോഷം അതിവിശേഷമാണ്.

മണ്ഡലകാലം

വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനുമാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസങ്ങളാണ് മണ്ഡലകാലമായി ആചരിച്ചുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഈ സമയത്ത് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ശബരിമല തീർത്ഥാടകരാണ് ഭക്തരിൽ പ്രധാനികൾ. തൃക്കാരിയൂർ ക്ഷേത്രവും ഈ സമയത്ത് ശബരിമല തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിയ്ക്കും. ശബരിമലയ്ക്ക് പോകുന്ന ചില ഭക്തന്മാർ ഇവിടെയും വരാറുണ്ട്. ക്ഷേത്രത്തിലെ ശാസ്താം കോവിലിൽ ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളുണ്ടാകും. 41 ദിവസവും ശാസ്താവിന് നെയ്യഭിഷേകവും പുഷ്പാഭിഷേകവുമുണ്ടാകും. ഇവിടത്തെ ശാസ്താവിന് തിരുമുന്നിലാണ് ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. തൃക്കാരിയൂർ ക്ഷേത്രം ശബരിമല ഇടത്താവള മല്ലെങ്കിലും ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ സൗകര്യങ്ങളൊരുക്കി ക്കൊടുക്കാറുണ്ട്.

നവരാത്രി

കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഒമ്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോ ഷിയ്ക്കുന്നത്. രാജ്യമെമ്പാടും ഈ ദിവസങ്ങളിൽ അതത് സംസ്കാരമനുസരിച്ചുള്ള പൂജകളും കലാപരിപാടികളുമുണ്ടാകും. കേരളത്തിലും എല്ലാ ദിവസങ്ങളും ആചരിച്ചു വരാറുണ്ടെങ്കിലും അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. തൃക്കാരിയൂർ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ നാലമ്പലത്തിനകത്ത് പ്രത്യേകം തീർത്ത മണ്ഡപ ത്തിൽ  സരസ്വതീദേവിയുടെ വിഗ്രഹം വച്ച് പൂജിയ്ക്കന്നു. ഒമ്പത് ദിവസവും വിശേഷാൽ കലാപരിപാടി കളുണ്ടാ കും. ദുർഗ്ഗാ ഷ്ടമിനാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്കുവയ്ക്കു ന്നു. മഹാനവമി നാളിൽ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജകഴി ഞ്ഞ്  പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചെടുക്കുന്നു. അന്നേദിവസം, ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം നുകരുന്നു.

രാമായണമാസം, ഗണപതിഹോമം, ഇല്ലംനിറ, തൃപ്പുത്തരി

കർക്കടകമാസം മുഴുവൻ ക്ഷേത്രത്തിൽ രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിൽ രാമായണപാരായണമുണ്ടാകും. ഇതോടൊപ്പം ക്ഷേത്രത്തിൽ ദിവസവും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്താറുണ്ട് . കർക്കടകവാവ് ദിവസം ക്ഷേത്രത്തിനടുത്തുള്ള പുഴക്കടവിൽ ബലിയിടുന്ന പതിവുമുണ്ട്. ഇത് അടുത്തകാലത്ത് തുടങ്ങിയതാണ്. കർക്കടകവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ച ക്ഷേത്രത്തിൽ ഇല്ലംനിറ ആചരിച്ചുവരുന്നു. അന്ന് ക്ഷേത്രത്തിൽ ഭക്തർ നേർച്ചയായി സമർപ്പിയ്ക്കുന്ന അരി ശാന്തിക്കാർ അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിയ്ക്കുന്നു. ഇതുകഴിഞ്ഞ് തൃപ്പുത്തരിദിവസം ഇതുകൊണ്ട് പായസമുണ്ടാക്കി ഉച്ചപ്പൂജയ്ക്ക് ഭഗവാന് നേദിയ്ക്കുന്നു.

എത്തിച്ചേരാൻ

കോതമംഗലം ടൗണിൽ നിന്ന് നാല് കിലോമീറ്റർ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് സഞ്ചരിച്ചാൽ ക്ഷേത്രകവാട ത്തിനരികിലെത്താം. ക്ഷേത്രത്തിനരികിലേയ്ക്ക് ബസ് സർവ്വീസില്ല. അതിനാൽ, ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. എറണാകുളം,  ആലുവ, പെരുമ്പാവൂർ,  മൂവാറ്റുപുഴ, അടിമാലി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കോതമംഗലത്തേയ്ക്ക് ദിവസേന ബസ് സർവ്വീസുണ്ട്. അതിനാൽ, ആ ഭാഗത്തുനിന്നും വരുന്നവർ കോതമംഗലം ബസ് സ്റ്റാൻഡിലിറങ്ങി തൃക്കാരിയൂരിലേയ്ക്ക് ഓട്ടോറിക്ഷ പിടിയ്ക്കുക