ആ കേസുകള്‍ ആവിയായി; തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫ്. ഉയര്‍ത്തിയ വിവാദകേസുകളിലെല്ലാം തുടര്‍നടപടി നിലച്ചു

0 123

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പുഘട്ടത്തില്‍ എല്‍.ഡി.എഫ്. ഉയര്‍ത്തിയ കേസുകളിലെല്ലാം അന്വേഷണം അവസാനിപ്പിക്കുകയോ തുടര്‍നടപടി നിലയ്ക്കുകയോ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ വിവാദം സൃഷ്ടിച്ച ബാര്‍ലൈസന്‍സ് അനുവദിക്കല്‍, പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണം എന്നീ കേസുകളുടെ അവസ്ഥയൊക്കെ ഇങ്ങനെതന്നെ.

കേസെ​ ടുത്തത് 11 മുന്‍മന്ത്രിമാര്‍ക്കെതിരേ

കഴിഞ്ഞ യു.ഡി.എഫ്. മന്ത്രിസഭയിലെ 11 മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സഭയില്‍ പറഞ്ഞത്.

ഉമ്മന്‍ചാണ്ടി

പ്രതിചേര്‍ത്തത് പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണക്കേസില്‍. ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന്റെ തുടര്‍നടപടി അവസാനിപ്പിച്ചു

പി.ജെ. ജോസഫ്

ഇടുക്കി നാടുകാണിയില്‍ വനഭൂമി കൈയേറി, വാട്ടര്‍ കണക്ഷന്‍ നല്‍കിയതിലെ ക്രമക്കേട് എന്നിവയ്ക്കായിരുന്നു കേസ്. രണ്ടിലും അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടി അവസാനിപ്പിച്ചു

കെ. ബാബു

അനധികൃത സ്വത്തുസമ്ബാദനവും ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടും. സ്വത്തുകേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിചാരണഘട്ടത്തിലാണ്. ബാര്‍ലൈസന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനയിലാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അടുര്‍ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി

എറണാകുളത്ത് ഐ.ടി. പാര്‍ക്കിന് നെല്‍വയല്‍ ഭൂമി അനുവദിച്ചെന്നാണ് ഇരുവര്‍ക്കുമെതിരേ കേസ്. ഇതിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (വിജിലന്‍സ്) പരിശോധിച്ച്‌ തുടരന്വേഷണത്തിന് ശുപാര്‍ശചെയ്തു

കെ.പി. േമാഹനന്‍

കേരള ഫീഡ്‌സില്‍ 12 ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയമിച്ചെന്നായിരുന്നു കേസ്. വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ടുതന്നെ ഹൈക്കോടതി റദ്ദാക്കി

അനൂപ് ജേക്കബ്

റേഷന്‍ സാധനങ്ങള്‍ മറിച്ചുവിറ്റ റേഷന്‍ വ്യാപാരിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന കേസ്. ഇതിലുള്ള അന്വേഷണവും ഹൈക്കോടതി റദ്ദാക്കി.

വി.കെ. ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതിക്കേസ്. അന്വേഷണം പുരോഗമിക്കുന്നു

വി.എസ്. ശിവകുമാര്‍

അനധികൃത സ്വത്തുസമ്ബാദനം. അന്വേഷണം പുരഗോമിക്കുന്നു.

സി.എന്‍. ബാലകൃഷ്ണന്‍, കെ.എം. മാണി

ഇരുവരും മരിച്ചതിനാല്‍ കേസ് വിവരങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ നല്‍കിയില്ല