കൂട്ടുപുഴ: ടിംബർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ കേരള ജൂൺ 1 മുതൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും മരം കയറ്റിവരുന്ന ലോറികൾ തടഞ്ഞു. ഇന്ന് രാവിലെ മുതൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലൂടെ കടന്നുവരുന്ന ലോറികളാണ് ടിമ്പർ ലോറി ഡ്രൈവർമാരുടെ നേതൃത്വത്തിൽ തടഞ്ഞത്.
ഓപ്പറേഷൻ ഓവർലോഡ് കോടതി നിയമത്തിന്റെ പേരിൽ ഭീമമായ പിഴയ്ക്കൊപ്പം ഡ്രൈവർമാരുടെ ലൈസൻസുകളും റദ്ദ് ചെയ്യുന്ന നടപടികൾക്കെതിരെ കണ്ണൂർ ജില്ലയിൽ മെയ് 25 മുതലാണ് സമരം നടന്നുവരുന്നത്. ടിംബർ ലോറി തൊഴിലാളികളെ പീഡിപ്പിക്കുന്ന ഓപ്പറേഷൻ ഓവർലോഡ് നിയമം പിൻവലിക്കും വരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ കേരളയുടെ കണ്ണൂർ ജില്ല സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കൽ, പ്രസിഡണ്ട് ഗോപിനാഥൻ, വിനോദ് കൊടകപ്പള്ളി എന്നിവർ വ്യക്തമാക്കി.