ആരോഗ്യ മേഖലയുടെ പുരോഗതി പറയുന്ന കേരള സർക്കാരിന് ബത്തേരി താലൂക്ക് ആശുപത്രിയിയുടെ കാര്യത്തിൽ ചിറ്റമ്മനയം; വെൽഫെയർ പാർട്ടി
സുൽത്താൻ ബത്തേരി: ഫോറൻസിക് സർജൻ ഉൾപ്പെടെ എല്ലാ പോസ്റ്റുകളിലേക്കും ആവശ്യമായ നിയമനം നടത്തി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പ്രവർത്തനം ക്രമീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 56 കിടക്കകൾ മാത്രം അംഗീകരിക്കപ്പെട്ട ആശുപത്രിയിൽ ഇരുനൂറിലധികം രോഗികളെയാണ് അഡ്മിറ്റ് ചെയ്യേണ്ടി വരുന്നത്.
പക്ഷേ, ഇവരെ പരിചരിക്കാൻ വേണ്ട ജീവനക്കാരുമില്ല. ആരോഗ്യ മേഖലയുടെ പുരോഗതി പറയുന്ന കേരള സർക്കാർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തും സ്ഥലം എം.എൽ.എയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
സർക്കാറിനെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തിക്കണം. വെൽഫെയർ പാർട്ടി സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.എം. സാദിഖലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഇ. സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് മണി നാരായണൻ, ഇബ്രാഹിം അമ്പലവയൽ, റഫീഖ് ചീനിക്കൽ, ഷബീർ ജാൻ, ബാസിൽ കട്ടയാട് എന്നിവർ സംസാരിച്ചു.