ഇരിട്ടി നഗരത്തിൽ ട്രാഫിക് പരിഷ്കരണം ആരംഭിച്ചു — ബസ് ബേയിൽ നിർത്തിയിട്ടുപോയ കാർ ക്രയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി
ഇരിട്ടി നഗരത്തിൽ ട്രാഫിക് പരിഷ്കരണം ആരംഭിച്ചു —
ബസ് ബേയിൽ നിർത്തിയിട്ടുപോയ കാർ ക്രയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി
ഇരിട്ടി : ഇരിട്ടി പട്ടണത്തിൽ ട്രാഫിക് പരിഷ്കരണം ട്രയൽ ആരംഭിച്ചു. ഇതിനിടയിൽ ബസ് ബെയോട് ചേർന്ന് നിർത്തിയിട്ടു പോയ കാർ ഇരിട്ടി സി ഐ എ. കുട്ടിക്കൃഷ്ണന്റെയും പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രയിൻ ഉപയോഗിച്ച് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. നിയമം ലംഘിച്ച് ടൗണിൽ പലയിടങ്ങളിലായി നിർത്തിയിട്ട കാർ അടക്കമുള്ള വാഹനങ്ങളിൽ പോലീസ് മുന്നറിയിപ്പ് സ്റ്റിക്കറുകളും ഒട്ടിച്ചു.
ട്രാഫിക് പരിഷ്കരണം ആരംഭിക്കുമെന്ന് അറിയിച്ച വ്യാഴാഴ്ച രാവിലെ തന്നെ ഇരിട്ടി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ എത്തിയിരുന്നു. പ്രധാനമായും പഴയ സ്റ്റാറ്റിൽ തലശ്ശേരി, കണ്ണൂർ, പേരാവൂർ ഭാഗത്തേക്ക് പോകേണ്ട ബസ്സുകളും , പാലം കടന്ന് മലയോര മേഖലയുടെ വിവിധ ഇടങ്ങളിലേക്ക് പോകേണ്ട ബസ്സുകളും അവർക്കായി നിശ്ചയിച്ച് മാർക്ക് ചെയ്ത ബസ് ബേയിൽ നിർത്താനുള്ള മാർഗ്ഗ നിർദ്ദേശം നൽക്കുകയായിരുന്നു. ഇതിനിടയിൽ പോലീസ് എത്തുന്നതിന് മുന്നേ മലയോര മേഖലയിലേക്ക് പോകേണ്ട ബസ്സുകൾക്കായി നിശ്ചയിച്ച സ്ഥലത്ത് നിർത്തിയിട്ടു പോയ കാറാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും വാഹന ഉടമ എത്താഞ്ഞതിനെത്തുടർന്നാണ് കാർ മാറ്റിയത്.
കെ എസ് ടി പിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടക്കുന്ന നവീകരണ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വിശാലമായ ടൗൺ ആയിട്ടും ഒരു നിയന്ത്രണവുമില്ലാതെ വാഹങ്ങൾ നിർത്തിയിടുന്ന മൂലം നിരന്തരം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് ഇപ്പോൾ ട്രാഫിക് പരിഷ്കരണം ആരംഭിച്ചിട്ടുള്ളത്.