ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

0 413

ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

നാളെ വിഷുവാണ്. അംബേദ്കര്‍ ജയന്തിയുമാണ്. ദിനരാത്രികള്‍ ഒരേ ദൈര്‍ഘ്യത്തോടു കൂടിയാവുന്ന ഘട്ടമാണ് വിഷു. പകലിന് എത്ര നീളമുണ്ടോ അത്ര തന്നെ നീളും രാത്രിയും എന്നാണ് സങ്കല്‍പം. പകലും രാത്രിയും തുല്യം. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ കൂടി സന്ദേശമാണ് പകര്‍ന്നുതരുന്നത്.

തുല്യതയ്ക്കു വേണ്ടി, അതായത് സമത്വത്തിനുവേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കി മാറ്റിയ നവോത്ഥാനനായകനാണ് ഡോ. അംബേദ്കര്‍. നമ്മുടെ ഭരണഘടനയില്‍ സമഭാവനയുടേതായ അംശങ്ങള്‍ ഉള്‍ചേര്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു.

ജാതിക്കും മതത്തിനും ഒക്കെ അപ്പുറത്തുള്ള മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ തുല്യതയ്ക്കുവേണ്ടി പോരാടിയ അംബേദ്കറുടെ നൂറ്റിമുപ്പതാം ജയന്തിദിനവും ഈ വിഷുവിനു തന്നെ വരുന്നതില്‍ വലിയ ഒരു ഔചിത്യഭംഗിയുണ്ട്. എല്ലാവര്‍ക്കും വിഷു ആശംസകള്‍! അംബേദ്കര്‍ ജയന്തി ആശംസകള്‍!

വിഷു ആഘോഷത്തിന്‍റെ പ്രധാനമായ ഒരു ഭാഗം വിഷുകൈന്നീട്ടമാണ്. നമ്മുടെ നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈന്നീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും; പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുക.

ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന്‍ കാലം ആരംഭിക്കുകയാണ്. സക്കാത്തിന്‍റെ ഘട്ടം കൂടിയാണ് അത്. ആ മഹത്തായ സങ്കല്‍പവും നമ്മുടെ ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. നാടിന്‍റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിര്‍വഹിക്കാം.

ഇന്ന് 3 പേര്‍ക്ക് കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ടുപേര്‍ക്ക്, പാലക്കാട് ഒന്ന്. പോസിറ്റീവായവരില്‍ രണ്ടുപേര്‍ സമ്പര്‍ക്കംമൂലവും ഒരാള്‍ വിദേശത്തുനിന്നു വന്നതുമാണ്. ഇന്ന് 19 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട, തൃശൂര്‍ മൂന്നുവീതം, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 378 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 178 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,12,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 15,683 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 14,829 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തില്‍ ആശ്വാസത്തിന്‍റെ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കളയാം എന്ന ധാരണയും ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്.

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണം എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും എന്ന അറിയിപ്പും വന്നിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും.

ജാഗ്രതയില്‍ തരിമ്പുപോലും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസിന്‍റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനം എന്ന അത്യാപത്ത് സംഭവിച്ചേക്കാം.  അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നാം തുടരും.

നമ്മെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് മറ്റു രാജ്യങ്ങളില്‍ തുടരുന്ന പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആഗ്രഹമുണ്ട്. അവര്‍ക്കും എത്രയുംവേഗം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ട്.

പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് പെടുത്തിയിട്ടുണ്ട്. ഇന്നും വിശദമായ കത്ത് പ്രധാനമന്ത്രിക്ക് അയച്ചു.

യാത്രാനിരോധനംമൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ ഹ്രസ്വകാല പരിപാടികള്‍ക്കു പോയവരും സന്ദര്‍ശക വിസയില്‍ പോയവരും അനേകമാണ്. ഇവര്‍ക്ക് മടങ്ങാന്‍ കഴിയുന്നില്ല. വരുമാനം ഒന്നും ഇല്ലാത്തതിനാല്‍ അവിടെയും ജീവിതം അസാധ്യമാകുന്നു. ഇവര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങളുള്ളവരോ പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്കും നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം എന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

എല്ലാ അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരികെ എത്തിക്കണമെന്നാണ് നമ്മുടെ ആവശ്യം. തിരികെ വരുന്നവരുടെ ടെസ്റ്റിങ്, ക്വാറന്‍റൈന്‍ മുതലായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. ഇന്നത്തെ ഈ പ്രയാസകരമായ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

പ്രവാസികളുടെ പ്രശ്നത്തില്‍ സുപ്രീംകോടതി ഒരു നിലപാട് ഇന്ന് പ്രഖ്യാപിച്ചത് നമ്മുടെ ശ്രദ്ധയിലുള്ളതാണ്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. സുരക്ഷാ ക്രമീകരണങ്ങളും തയ്യാറാക്കും. കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കണം.

കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതു കൂടി ലക്ഷ്യംവെച്ചുകൊണ്ട് നാലു പൊലീസ് സ്റ്റേഷനുകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. വയനാട്ടിലെ നൂല്‍പ്പുഴയിലാണ് ഒന്ന്. മറ്റുള്ളവ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ്. അവ മൂന്നും വനിതാ പൊലീസ് സ്റ്റേഷനുകളാണ്. ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പൊലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്ന് എത്തിക്കുന്ന പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസ് 22,533 സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9873 പേര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. 460 രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ടെസ്റ്റിങ് നല്ല നിലയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 670 ഒക്കെ ആയിരുന്നത് ഇപ്പോള്‍ 1000 വരെ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്.
റേഷന്‍ വിതരണം 97 ശതമാനം പൂര്‍ത്തിയാക്കി. 5.32 ലക്ഷം കിറ്റുകള്‍ (എഎവൈ) വിതരണം ചെയ്തു.

ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള സ്ഥിതി എന്താണെന്ന് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ ഇരിക്കുകയാണ്. ജനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിക്കുകയാണെന്ന പ്രതീതിയില്‍  റോഡില്‍ ഇറങ്ങുന്നതിന്‍റെ തോത് വര്‍ധിച്ചതാണ് ഇന്ന് കണ്ടത്. വിഷുത്തലേന്ന് ആയതുകൊണ്ടാവാം, വലിയ തിരക്കാണ് ഇന്ന് വടക്കന്‍ കേരളത്തില്‍ കണ്ടത്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഒരു കാരണവ
ശാലും കൂടിച്ചേരലുകള്‍ അനുവദിക്കാന്‍ കഴിയില്ല.

ഡയാലിസിസ് രോഗികളെ ആശുപത്രിയിലേക്കും തിരികെയും എത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസേവകരുടെ സേവനങ്ങളും ഉറപ്പാക്കും.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ആളുകള്‍ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതായും അതിര്‍ത്തി കടക്കുന്നതായും വാര്‍ത്ത വരികയാണ്. കേരളത്തിലേക്ക് ധാരാളം ആളുകള്‍ ഇത്തര
ത്തില്‍ എത്തുന്നതായാണ് വാര്‍ത്ത. അടിയന്തര നടപടികള്‍ ഇക്കാര്യത്തിലുണ്ടാകും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോര്‍ട്ടു ചെയ്തത് ഗൗരവമായാണ് കാണുന്നത്. ഇത് ശ്രദ്ധിക്കുകയും വ്യാപനം തടയുകയും വേണം. അതോടൊപ്പം മാലിന്യനിര്‍മാര്‍ജനം, കൊതുക് നശീകരണം തുടങ്ങിയ പരിപാടികള്‍ തീവ്രമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പന്തല്‍, ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായ അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കും.

ലക്ഷദ്വീപുകാര്‍ കേരളത്തിനകത്ത് ധാരാളം പേരുണ്ട്. അവര്‍ വിവിധ കാര്യങ്ങള്‍ക്ക് കേരളത്തെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപന
ങ്ങളില്‍ വിവിധ കാര്യങ്ങള്‍ക്ക് അവര്‍ എത്തിച്ചേരുന്നു. ഈ ഘട്ടത്തില്‍ കൈവശമുള്ള പണം തീര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലക്ഷദ്വീപുകാരായ പലരും. ഇത്തരക്കാര്‍ക്ക് ആവശ്യമായ ഭക്ഷണ
സൗകര്യം നല്‍കും.

വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വെറ്റില മാര്‍ക്കറ്റിലെത്തിക്കാന്‍ ഇളവുനല്‍കും.

സ്വര്‍ണപണയം പല സ്ഥലത്തും എടുക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ പെട്ടെന്നുള്ള ധനസ്രോതസ്സ് അതോടെ അടയുകയാണ്. സ്വര്‍ണപണയ വായ്പ നല്‍കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ പണയം എടുക്കുന്നത് ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംസാരിക്കും. അപ്രൈസര്‍മാര്‍ക്ക് വരുമാനം ഇല്ലാതായത് ശ്രദ്ധിക്കണം എന്നും ബാങ്കുകളോട് അഭ്യര്‍ത്ഥിക്കും.

കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നതും നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നതും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിലപാടെടുക്കണം.

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍റെ ഫണ്ടിങ് ഏജന്‍സികളായ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും ദേശീയ പട്ടികജാതി  ധനകാര്യ വികസന കോര്‍പ്പറേഷനും തങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 9,85,600 രൂപയുടെ ധനസഹായം കേരളത്തിന്  അനുവദിച്ചിട്ടുണ്ട്.  കോവിഡ് ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 800 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഈ തുക ഉപയോഗിക്കുക.

നമ്മുടെ സമൂഹം നേരത്തെ ഒഴിവാക്കിയ ഒരു പ്രവണത ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തിരുവല്ലയില്‍ കണ്ടു. ഇവിടെ ലോറിയില്‍ നിന്ന് സണ്‍ഫ്ളവര്‍ ഇറക്കാന്‍ വന്നപ്പോള്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടായി. നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ സംഘടിത തൊഴി
ലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും ചിലയിടങ്ങളില്‍ ഉണ്ടായി
രുന്ന ആ സമ്പ്രദായം അവസാനിപ്പിച്ചതുമാണ്. ഏതെങ്കിലും ഒരാള്‍ ഈ പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായി നോക്കുകൂലി ആവശ്യ
പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. ഇത്തരമൊരു ഘട്ടത്തില്‍ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് ചില ചരക്കുകളും ചിലയിടത്ത് ഇറക്കാന്‍ ചെന്നപ്പോള്‍ നോക്കുകൂലി ആവശ്യപ്പെടുന്ന സംഭവം ഉണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് മാറിനില്‍ക്കണം. അംഗീകൃത കൂലിക്ക് അര്‍ഹതയു
ണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായ ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും.

208 വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ പരിശോധന നടത്തി 96 ഇടത്ത് അപാകതകള്‍ കണ്ടു. ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സന്നദ്ധ സേനയിലേക്ക് 2.53 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. 4023 എന്‍എസ്എസ് വളണ്ടിയര്‍മാരും മുന്‍ എന്‍സിസിക്കാരായ 3000 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോക്ലിയര്‍ ഇംപ്ലാന്‍റ്, മറ്റ് ഹിയറിംഗ് എയ്ഡുകള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ല. അതു മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അതിനുപുറമെ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പാഠപുസ്തകങ്ങള്‍, പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ തുടങ്ങിയവയും എസ്സിഇആര്‍ടി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെക്സ്റ്റ് പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി പൂര്‍ത്തിയാക്കാന്‍ വേണ്ട അനുമതികള്‍ നല്‍കും.

സ്കൂളുകളുടെ അറ്റകുറ്റപ്പണി പെട്ടെന്നു നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിയണം. പണി നടത്താനുള്ള അനുമതി നല്‍കും.

ഹൈക്കോടതികളും സുപ്രീംകോടതിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസുകള്‍ നടത്തുന്നത്. ഇതിനുള്ള തയ്യാറെടുപ്പിനായി അഭിഭാഷകര്‍ക്ക് ചുരുക്കം പേരെ വെച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

കേന്ദ്ര കമ്പനി കാര്യമന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോ കോവിഡ്-19 നേരിടാനുള്ള സംസ്ഥാന റിലീഫ് ഫണ്ടുകളോ കമ്പനീസ് ആക്ടിലെ സിഎസ്ആര്‍ ഫണ്ടിന് അര്‍ഹമല്ല. എന്നാല്‍, പിന്നീട് ഇറക്കിയ വിശദീകരണ കുറിപ്പില്‍ പിഎം കെയേഴ്സ് ഫണ്ടിനെ സിഎസ്ആര്‍ ഫണ്ടിന് അര്‍ഹതയുള്ളവയുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

കമ്പനി നിയമത്തിലെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതനിവാരണ ഫണ്ടും അവശ വിഭാഗങ്ങളുടെ ഉന്നമനത്തിന് കേന്ദ്രം രൂപീകരിക്കുന്ന ഫണ്ടുകളും സിഎസ്ആര്‍ യോഗ്യതയുള്ളതാണ്. ഇതില്‍ പ്രകടമായ അപാകതയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കൂടി സിഎസ്ആര്‍ ഫണ്ടിന് അര്‍ഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

ഫെഡറല്‍ സംവിധാനത്തില്‍ പൊതു ആവശ്യത്തിന് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന ദുരിതാശ്വാസ ഫണ്ടിനെ സിഎസ്ആറിന്‍റെ പരിധിയില്‍നിന്ന് ഒഴിവാകുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കം വര്‍ധിപ്പിക്കുന്ന ഈ നടപടി തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

സഹായം

മലപ്പുറം ജില്ലയിലെ തിരൂരില്‍ പൂര്‍ത്തിയാകുന്ന ശിഹാബ്തങ്ങള്‍ മെമ്മോറിയല്‍ ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അറിയിച്ചു.

അപ്പോളോ ആശുപത്രി 240 കിടക്കകളും മറ്റു സൗകര്യങ്ങളും നല്‍കാമെന്ന് അറിയിച്ചു.

ചെങ്ങന്നൂരില്‍ പൂര്‍ത്തിയാകുന്ന ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയും ഐസിയു, വെന്‍റിലേറ്റര്‍ സംവിധാനങ്ങളുമടക്കം കോവിഡ് 19 പ്രതിരോധത്തിന് വിട്ടുനല്‍കാമെന്ന് മാനേജിങ് ഡയറക്ടര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍ അറിയിച്ചു.

കോഴിക്കോട് മലാപറമ്പിലെ ഇഖ്റ ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ കോവിഡ് ചികിത്സയ്ക്കായി വെന്‍റിലേറ്ററുകള്‍, ഐസിയു, ഡയാലിസിസ് സംവിധാനങ്ങളും നൂറോളം കിടക്കകളും വിട്ടുനല്‍കാമെന്ന് അറിയിച്ചു.

മലപ്പുറം നടുവട്ടം ശ്രീവത്സം ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് ബഹു. സ്പീക്കര്‍ മുഖേന അറിയിച്ചു.

പ്രവാസി മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ മര്‍ക്കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ 2000 ഭക്ഷണ പാക്കറ്റ് വീതം ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് സൗജന്യമായി വിതരണം ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്.

ഹോട്ടല്‍ റമദാ ഐസൊലേഷന് റൂമുകള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു.

കേരള കോക്കനട്ട് ഓയില്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്‍ 25,000 പാക്കറ്റ് വെളിച്ചെണ്ണ ആശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിനോട് അഫിലിയേറ്റ് ചെയ്ത 90 വാഫി, വഹിയ്യ കോളേജുകളുടെ ഹോസ്റ്റല്‍ സൗകര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.