ഇന്ന് ലോക ആര്‍ത്രൈറ്റിസ് ദിനം
ഒക്ടോബര്‍ 12 ലോകമെങ്ങും ആര്‍ത്രൈറ്റിസ് ദിനമായി ആചരിക്കുകയാണ്. മനുഷ്യനെന്നല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ് ചലന സ്വാതന്ത്ര്യം. മനുഷ്യന്റെ ചലനങ്ങള്‍ക്ക് സന്ധികളുടെ സുഗമമായ പ്രവര്‍ത്തനം അനിവാര്യമാണ്. സന്ധിവാതരോഗങ്ങള്‍ ചലനശേഷിയേയും അതുവഴി ജീവിത സൗരഭ്യത്തെയും അപകടത്തിലാക്കുന്നു. സന്ധിവാതരോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ചികിത്സയും ഒരിക്കലും ലഭിക്കുന്നില്ല. സ്ത്രീകളിലും ചെറുപ്പക്കാരിലുമാണ് സന്ധിവാത രോഗങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്.
എന്താണ് ആര്‍ത്രൈറ്റിസ്?
സന്ധികളിലെ വീക്കത്തിനാണ് ആര്‍ത്രൈറ്റിസ്, അഥവാ സന്ധിവാതം എന്നു പറയുന്നത്. ഇത് പൊതുവായിട്ടുള്ള ഒരു പദമാണ്. മനുഷ്യരില്‍ 100 ല്പരം തരത്തിലുള്ള ആര്‍ത്രൈറ്റിസുകള്‍ കാണാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആമവാതം എന്ന് വിളിക്കുന്ന റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ആണ്. സ്ത്രീകളിലും മധ്യവയസ്‌കരിലും കൂടുതലായി കാണപ്പെടുന്ന ആമവാതം സന്ധികളുടെ പ്രവര്‍ത്തനത്തെ വളരെയധികം തകരാറിലാക്കുന്നു. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്താല്‍ സന്ധികളെ പൂര്‍ണമായും സംരക്ഷിക്കാവുന്നതാണ്. അപകടകാരിയായ ഈ രോഗത്തിന് ഇന്ന് അലോപ്പതിയില്‍ ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്.കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്നതും ഹൃദയവാല്‍വുകളെ തകരാറിലാക്കുകയും ചെയ്യുന്ന രക്തവാതം എന്നറിയപ്പെടുന്ന റുമാറ്റിക് ഫിവറിനും തുടക്കത്തിലെ ചികിത്സ അത്യന്താപേക്ഷിതമാണ്.
സന്ധിവാത രോഗങ്ങളോടനുബന്ധിച്ച് കണ്ണിലും വയറിലും തൊലിപ്പുറത്തും രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത് രോഗനിര്‍ണയത്തെ സഹായിക്കുന്നു. മറ്റു പ്രധാനപ്പെട്ട സന്ധിവാതരോഗങ്ങള്‍ ഇവയാണ്-ഓസ്റ്റിയോ ആര്‍െൈത്രറ്റിസ്, സിറോ നെഗറ്റീവ് സ്‌പോണ്ടൈലാര്‍ത്രോപതീസ്, സിസ്റ്റമിക്ക് ലൂപ്പസ് എരിത്തിമറ്റോസസ്, ജുവനൈല്‍ ആര്‍ത്രൈറ്റിസ്. സന്ധിവാത രോഗങ്ങള്‍ പതുക്കെ സന്ധികളെയും അതുവഴി ചലനശേഷിയെയും അപകടത്തിലാക്കുന്നു. രോഗികളുടെ ദൈനംദിന പ്രവര്‍ത്തനത്തെയും കുടുംബജീവിതത്തെയും ഇതു ബാധിക്കുന്നു. വാതരോഗികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പഠനത്തിലും ജോലികളിലും കൂടുതല്‍ സംരക്ഷണവും നല്‍കേണ്ടതാണ്.
സന്ധിവാത രോഗികളുടെ നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്നതാണ് ഈ വര്‍ഷത്തെ ആര്‍ത്രൈറ്റിസ് ദിനത്തിന്റെ സന്ദേശം. സന്ധിവാത രോഗികള്‍ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയും ചികിത്സ തേടേണ്ടതുമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ സന്ധിവാതരോഗങ്ങളുടെ ചികിത്സാശാഖയായ റുമറ്റോളജി വളരെയധികം പരോഗമനം പ്രാപിച്ച ഒരു ശാഖയാണ്. മിക്ക സന്ധിവാതരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സ ഇന്ന് അലോപ്പതിയിലുണ്ട്.