ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്

0 786

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്

 

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്.ഇടുക്കി ആർച്ച് ഡാമും ചെറുതോണി,കുളമാവ് ഡാമുകളും ഉൾപ്പെടുന്ന പദ്ധതി ഇന്നും വിസ്മയക്കാഴ്ചയാണ്.

കുറവൻ കുറത്തി മലനിരകളെ തഴുകിയെത്തുന്ന പെരിയാറിനെ കരുവെള്ളായൻ കൊലുമ്പൻ എന്ന ആദിവാസി മൂപ്പൻ 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ.ജോണിന് പരിചയപ്പടുത്തിയതോടെയാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സാധ്യതകൾ തെളിയുന്നത്.1937 ൽ ആദ്യ സാധ്യതാ പഠനം. 1947 ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന ജോസഫ് ജോൺ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനവും കേന്ദ്രവും തുടർപഠനങ്ങൾ നടത്തി.1963 ൽ പദ്ധതിയുടെ രൂപരേഖ ആസൂത്രണ കമ്മീഷൻ അംഗീകരിച്ചു. കാനഡയുടെ ധനസഹായത്തോടെ ഇടുക്കിയിൽ പെരിയാറിനു കുറുകെ പ്രധാന ഡാമും ചെറുതോണിയിലും കുളമാവിലും അനുബന്ധ ഡാമുകളും നിർമ്മിച്ച് തുരങ്കത്തിലൂടെ ജലം മൂലമറ്റത്തുള്ള വൈദ്യുത നിലയത്തിലെത്തിക്കുന്നതാണ് പദ്ധതി. ഊർജോൽപാദനം ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടും ഉയരം കൊണ്ട് രണ്ടാമതുമായ ഇടുക്കി ഡാമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.ഡോ.ഡി ബാബു പോൾ ഐ.എ.എസ് ആയിരുന്നു പ്രൊജക്ട് കോർഡിനേറ്റർ. 780 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള പദ്ധതി 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് നാടിന് സമർപ്പിച്ചത്. 2000 ദശലക്ഷം ടണ്ണിലേറെ ജലം സംഭരിക്കാൻ ശേഷിയുള്ള പദ്ധതി വഴി പ്രതിവർഷം 900 കോടിയുടെ വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് 46 വയസ് തികയുമ്പോഴും ഇന്നും ഊർജ വിസ്മയമായി തുടരുകയാണ് ഇടുക്കി പദ്ധതി