ഇരിട്ടിയിലെ ട്രാഫിക് പരിഷ്കരണം ഇന്നുമുതൽ കർശനം: നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി

0 511

 

 

ഇരിട്ടി: പരീക്ഷണമെന്ന നിലയിൽ ഒരാഴ്ചയായി ഇരിട്ടി നഗരത്തിൽ നടപ്പിലാക്കി വരുന്ന ഗതാഗത പരിഷ്കരണ നടപടികൾ ശനിയാഴ്ചയോടെ അവസാനിച്ചു. ഇത്രയും ദിവസം നടത്തിവന്ന പരിഷ്കരണ നടപടികൾ ഞായറാഴ്ച മുതൽ പൂർണതോതിൽ കർശനമായി നഗരസഭയും പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പിലാക്കാൻ തീരുമാനം.
പുതിയ പരിഷ്കാരങ്ങളുടെ പ്രത്യാഘതങ്ങള്‍ മനസിലാക്കാന്‍ അനുവദിച്ച സമയ പരിധിയാണ് ശനിയാഴ്ച്ച അവസാനിച്ചത് . കാര്യമായ എതിര്‍പ്പില്ലാതെ പരിഷ്കാര നടപടികൾ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതര്‍. ഈ ഘട്ടത്തിൽ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും പോലീസും മോട്ടോര്‍ വാഹന വകുപ്പും ബോധവത്ക്കരിച്ചും മുന്നറിയിപ്പ് നല്‍കിയും വിട്ടയക്കുകയായിരുന്നു.
ഞായറാഴ്ച്ച മുതല്‍ പട്ടണത്തിലെ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വന്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, എസ്.ഐ. ദിനേശന്‍ കൊതേരി , മോട്ടോര്‍ വെഹിക്കിള്‍ ഇസ്‌പെക്ടര്‍ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും അപാകതകൾ തിരുത്താനുള്ള നടപടികളും ആലോചിച്ചു.
പഴയ സ്റ്റാന്റിലെ ബസ് സ്‌റ്റോപ്പ് സംബന്ധി്ച്ച് മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധിച്ച് തീരുമാനിക്കും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ തിങ്കളാഴ്ച മുതല്‍ പോലീസിന്റെ പരിശോധന ആരംഭിക്കും. ട്രാവലര്‍വാഹനങ്ങൾക്കുള്ള പാര്‍ക്കിംങ്ങ് അടുത്ത ദിവസം തന്നെ പഴയ പി ടി ചാക്കോ ആസ്പത്രിക്ക് സമീപത്തേക്ക് മാറ്റാനും തീരുമാനിച്ചു.
കെ എസ് ടി പി റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണ്‍ റോഡ് വീതികൂട്ടി നവീകരിച്ചത് . ഇതോടെയാണ് നഗരത്തിലെ ഗതഗത സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇരട്ടി മേലെ സ്റ്റാന്‍ഡ് മുതല്‍ പയഞ്ചേരി മുക്ക് വരെ അതാത് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിടുണ്ട്. പാർക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പോലീസ് പിഴയിടാക്കും .ഓട്ടോറിക്ഷകള്‍ക്കും ജീപ്പ് ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളും നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമെ നിര്‍ത്തിയിടാവു. ബസുകള്‍ സ്റ്റാന്റ് വിട്ടാല്‍ നിശ്ചത സമയം മാത്രമെ സ്റ്റോപ്പില്‍ നിര്‍ത്തിയിടാവു. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്യും . ആവശ്യമായ സ്ഥലങ്ങളില്‍ ഞായറാഴ്ച്ചയോടെ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പോലീസും നഗരസഭയും കെ എസ് ടി പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .