ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല; ആശങ്കയില്‍ അധികൃതര്‍

0 258

ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല; ആശങ്കയില്‍ അധികൃതര്‍

കൊച്ചി; കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ ട്രെയിനുകളും നിര്‍ത്തിയിട്ടതോടെ കേരളത്തിലെ ഡിപ്പോകളില്‍ വണ്ടിയിടാന്‍ സ്ഥലമില്ല. ഡിപ്പോകളില്‍ പിടിക്കാത്ത തീവണ്ടികള്‍ അറ്റകുറ്റപ്പണിക്കുശേഷം ഓരോ സ്റ്റേഷനുകളിലേക്കും മാറ്റാനാണ് തീരുമാനം. പിറ്റ്‌ലൈന്‍ ഉള്ള ഡിപ്പോകളില്‍ വണ്ടി ശുചീകരണമടക്കം ഇപ്പോള്‍ നടക്കുകയാണ്.

മുന്‍പ് പ്രളയ സമയത്താണ് കേരളത്തിലെ ട്രെയിന്‍ സര്‍വീസ് ഭാ​ഗീകമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മുഴുവന്‍ വണ്ടികളും പിടിച്ചിടുന്നത് ആദ്യമായിട്ടായതിനാല്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണം എന്നറിയാത്ത ആവസ്ഥയിലാണ്. 10 ദിവസം തുടര്‍ച്ചയായി ഓടാതിരിക്കുമ്ബോള്‍ ഇത്രയും വണ്ടികള്‍ എവിടെ നിര്‍ത്തിയിടും എന്നാണ് ആശങ്ക. പാസഞ്ചര്‍, മെമു സര്‍വീസുകള്‍ക്ക് പുറമേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 20 എക്‌സ്‌പ്രസ്, മെയില്‍ വണ്ടികളാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിടേണ്ടത്. മറ്റു ഡിവിഷനുകളില്‍നിന്ന് ശനിയാഴ്ച പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിയവയ്ക്കും സ്ഥലംവേണം.

ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന 55 വണ്ടികള്‍ ഇനി ഡിപ്പോകളിലും സ്‌റ്റേഷനിലും കിടക്കും. പാലക്കാട് 11 വണ്ടികളാണ് പുറപ്പടുന്നവ. മധുര എട്ട്, തൃശിനാപ്പള്ളി എട്ട്, സേലം ആറ് എന്നിങ്ങനെയാണ് കണക്ക്. കൊങ്കണ്‍ റെയില്‍വേയുടെ നാല് എക്‌സ്‌പ്രസ് വണ്ടികളും പാസഞ്ചറുകളും മഡ്‌ഗോവയില്‍ നിര്‍ത്തിയിട്ടു. മംഗളൂരു സെന്‍ട്രലിലും ജംക്‌ഷനിലും സെന്‍ട്രല്‍ റെയില്‍വേയുടെ വണ്ടികളടക്കം വെക്കണം.

അതിനിടെ റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായി അടച്ചു. യാത്രക്കാരും റെയില്‍വേ ജീവനക്കാരും ഇനി പ്രവേശിക്കരുതെന്ന ഉത്തരവ് ഡിവിഷനുകളില്‍ എത്തി. കമേഴ്‌സ്യല്‍ മേലുദ്യോഗസ്ഥര്‍ അടക്കം പുറത്തിറങ്ങാതെ വീട്ടുനിരീക്ഷണത്തില്‍ കഴിയണം. അടിയന്തരസാഹചര്യം വന്നാല്‍ ഉയര്‍ന്ന ഉദ്യോഗസഥരെ ബന്ധപ്പെടാനാണ് അറിയിപ്പുള്ളത്. റിസര്‍വേഷന്‍, കാറ്ററിങ്, പാഴ്‌സല്‍ബുക്കിങ് അടക്കം നിര്‍ത്തി.