ട്രെയിനിലെ മോഷണം തടയാന്‍ നടപടിയുമായി റെയില്‍വേ

0 149

 

ന്യൂഡല്‍ഹി : ട്രെയിനുകളില്‍ മോഷണം തുടര്‍ക്കഥയായതോടെ, കവര്‍ച്ചകള്‍ക്ക് തടയിടാന്‍ നടപടിയുമായി റെയില്‍വേ. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളിലെ മോഷണം തടയാന്‍ പദ്ധതിയുമായാണ് റെയില്‍വേ രംഗത്തെത്തിയത്. സീറ്റുകള്‍ക്കടിയില്‍ ഡിജിറ്റല്‍ ലോക്കുകളുള്ള ചെയിനുകള്‍ ഘടിപ്പിക്കാനും ജനറല്‍ കോച്ചുകളുടെ രണ്ട് അറ്റത്തും പൂട്ടുള്ള പെട്ടികള്‍ സ്ഥാപിക്കാനുമാണ് പദ്ധതി.

തുടക്കത്തില്‍ രാജ്യത്തെ 3000 ട്രെയിനുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. ഒരു കോച്ചിന് 1.5 ലക്ഷം രൂപ ചെലവിട്ടാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ലോക്ക് ചെയിനിന്റെ കോഡ് ഓരോ യാത്രക്കാരനും സെറ്റ് ചെയ്യാം. എസി കോച്ചുകളില്‍ മോഷണം കുറവാണെന്നാണ് റെയില്‍വേയുടെ കണക്കുകള്‍.
ജനറല്‍, സ്ലീപ്പര്‍ കോച്ചുകളില്‍ കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തോളം യാത്രക്കാരാണ് മോഷണത്തിന് ഇരയായത്. തീപിടിത്തം തടയാനുള്ള സംവിധാനവും സ്ഥാപിക്കും. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് റെയില്‍വേ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.