രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 172; യാത്രക്കാരില്ലാത്തതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 172 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 32 പേര് വിദേശികളാണ്.
മഹാരാഷ്ട്രയില്‍ യുകെയില്‍ നിന്നെത്തിയ 22കാരിക്കും ദുബായില്‍ നിന്നെത്തിയ 49 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചണ്ഡീഗഢിലും ആദ്യ കൊറോണ പോസിറ്റീവ് കേസ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ 23 വയസുകാരിക്കാണ് ബുധനാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മൂന്നു വിദേശികളടക്കം 47 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊന്നും രണ്ടുദിവസമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയില്‍ 14 വിദേശികള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറഞ്ഞതിനാല്‍ രാജ്യത്ത് ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. 168 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന ട്രെയിനുകളാണ് ഇതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും കഴിഞ്ഞദിവസം പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കിയിരുന്നു.